
പാലക്കാട്: പൂജയ്ക്കായി അമ്പലത്തിൽ ഒരുക്കിയ പീഠം എസ് ഐ കമ്പിപ്പാര ഉപയോഗിച്ച് കുത്തി പൊളിച്ചതായി പരാതി. പാലക്കാട് മാങ്കാവിൽ അമ്പലത്തിലാണ് പൂജയ്ക്കായി ഒരുക്കിയ പീഠം കമ്പിപ്പാര ഉപയോഗിച്ച് കുത്തി പൊളിച്ചതായി പരാതി ഉയർന്നത്. കൊഴിഞ്ഞാമ്പാറ എസ് ഐ ദിനേശനാണ് രാത്രി എത്തി അമ്പലത്തിന്‍റെ പീഠം പൊളിച്ചത് എന്നാണ് ആരോപണം. സംഘാടകർ പാലക്കാട് നോർത്ത് പൊലിസിൽ പരാതി നൽകി. അമ്പലത്തിലെ താത്കാലിക പീഠം ഇരിക്കുന്ന സ്ഥലം സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എസ് ഐ രാത്രി കമ്പിപ്പാരയുമായെത്തി പീഠം പൊളിച്ചതെന്നാണ് സംഘാടകർ പറയുന്നത്.
അതേസമയം ആലപ്പുഴയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ഹരിപ്പാട്ടെ കസ്റ്റഡി പീഡനത്തിൽ ഡി വൈ എസ് പി അടക്കമുള്ളവർക്കെതിരെ കേസെടുത്തു എന്നതാണ്. ബാങ്ക് ഉദ്യോഗസ്ഥൻ അരുണിനെ കള്ളക്കേസെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചതിന് ആണ് ഡി വൈ എസ് പി അടക്കമുള്ള 7 പൊലീസുകാര്‍ക്കെതിരെ കേസെടുത്തത്. ഹരിപ്പാട് പൊലീസ് ആണ് കേസെടുത്തത്. ബാങ്ക് ഉദ്യോഗസ്ഥൻ അരുണിനെ കള്ളക്കേസെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ കേസെടുക്കാൻ മനുഷ്യാവകാശ കമീഷൻ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഡി വൈ എസ് പി അടക്കമുള്ള 7 പൊലീസുകാര്‍ക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തത്. 2017 ലെ യു ഡി എഫ് ഹര്‍ത്താൽ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബസിന് കല്ലെറിഞ്ഞെന്ന് ആരോപിച്ച് അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് അരുണിന് ഒരു മാസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നിരുന്നു. ഡി വൈ എസ് പി മനോജ് കരണത്തടിക്കുകയും വൃഷണം ഞെരിക്കുകയും ചെയ്തെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. എസ് ഐയും മറ്റ് പൊലീസുകാരും കുനിച്ച് നിർത്തി നട്ടെല്ലിനും പുറത്തും മർദ്ദിക്കുകയുമായിരുന്നുവെന്നും അരുൺ വ്യക്തമാക്കിയിരുന്നു.
ഹരിപ്പാട്ടെ കസ്റ്റഡി പീഡനം; ഡിവൈഎസ്‍പി അടക്കം 7 പൊലീസുകാര്‍ക്കെതിരെ കേസ്