കിളിമാനൂര്‍ പാപ്പാല ചാക്കുടി സ്വദേശി 31 വയസുള്ള സന്തോഷാണ് പിടിയിലായത്
തിരുവനന്തപുരം: ബസ് യാത്രക്കാരന്‍റെ പണം തട്ടിപ്പറിച്ച കേസിൽ തിരുവനന്തപുരം കിളിമാനൂരിൽ പ്രതി കയ്യോടെ പിടിയിലായി. കിളിമാനൂര്‍ പാപ്പാല ചാക്കുടി സ്വദേശി 31 വയസുള്ള സന്തോഷാണ് പിടിയിലായത്. കിളിമാനൂര്‍ സ്വദേശിയായ രവിയുടെ പണമാണ് സ്വകാര്യ ബസ്സിൽ വച്ച് കവരാൻ ശ്രമിച്ചത്. പോക്കറ്റിൽ നിന്ന് പണം കവര്‍ന്നത് തടഞ്ഞപ്പോൾ രവിയുടെ കൈ കടിച്ച് മുറിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ശേഷം ഇയാളെ പൊലീസിൽ ഏൽപ്പിച്ചു.
അതേസമയം തിരുവനന്തപുരത്ത് നിന്നുള്ള മറ്റൊരു വാർത്ത ഇരുന്നൂറിലധികം മോഷണക്കേസുകളിലെ പ്രതിയായ 'സ്‍പൈഡര്‍' ബാഹുലേയൻ അറസ്റ്റിലായി എന്നതാണ്. മോഷണം കഴിഞ്ഞ് മടങ്ങവേ വെള്ളായണിയിൽ വച്ചാണ് വഞ്ചിയൂര്‍ പൊലീസിന്‍റെ വലയിൽ സ്പൈഡര്‍ കുടുങ്ങിയത്. സംസ്ഥാനത്തിനകത്തും പുറത്തുമായി 200 ലധികം മോഷണക്കേസുകളിലെ പ്രതിയാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം സ്വദേശിയെങ്കിലും തമിഴ് നാട്ടിലെ മധുരയിലായിരുന്നു താമസം. രണ്ട് മാസത്തിനിടെ തിരുവനന്തപുരം നഗരത്തിൽ വഞ്ചിയൂര്‍, മെഡിക്കൽ കോളേജ്, പാപ്പനംകോട്, ചാക്ക ബൈപ്പാസ് എന്നിവിടങ്ങിലായി 12 വീടുകളിൽ മോഷണം നടത്തി. സ്പൈഡര്‍മാന്‍റെ വേഷത്തിൽ വന്ന് കവര്‍ച്ച നടത്തി കുപ്രസിദ്ധി നേടി സിറ്റി പൊലീസിന്‍റെ ഉറക്കം കെടുത്തിയ സ്പൈഡര്‍ ബാഹുലേയനാണ് ഒടുവിൽ പിടിയിലായത്. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബാഹുലേയൻ അറസ്റ്റിലായത്. വെള്ളായണിയിൽ മോഷണത്തിന് ശേഷം ബൈക്കിൽ മടങ്ങാനെത്തുമ്പോഴാണ് തക്കം പാര്‍ത്തിരുന്ന പൊലീസ് ബാഹുലേയനെ പിടികൂടിയത്. 14 ജില്ലകളിലും ബാഹുലേയനെതിരെ കേസുണ്ടെന്നാണ് പൊലീസ് പറയുന്നത്. വീടുകളിലെ ചുമരിലൂടെ വലിഞ്ഞുകയറി വെന്‍റിലേഷന്‍റേയോ ജനലിന്‍റേയോ കമ്പി അടര്‍ത്തി മാറ്റിയാണ് മോഷണ് രീതി. വീടിന്‍റെ വാതിൽ തുറന്നുകിടന്നാൽ പോലും ചുമരിലൂടെ കയറി മോഷണം നടത്തുന്നതാണ് ബാഹുലേയന്‍റെ രീതി. അടുത്തിടെ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്നിറങ്ങിയ ശേഷമാണ് വീണ്ടും മോഷണം തുടങ്ങിയത്.
