
പാലക്കാട്: കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉടമയ്ക്ക് തിരികെ നൽകിയ പാലക്കാട്ടെ പരുതൂരിലെ കുട്ടികൾക്ക് വീടൊരുങ്ങുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ആണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. ഒരു ഫേസ് ബുക്ക് പോസ്റ്റിന് ജീവിതങ്ങൾ മാറ്റിമറിക്കാനാവുമോ എന്ന ചോദ്യത്തോടെയാണ് മന്ത്രി ഈ സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുന്നത്. നേരത്തെ കളഞ്ഞുകിട്ടിയ സ്വർണ്ണം ഉടമസ്ഥനെ തിരികെ ഏൽപ്പിച്ച പരുതൂരിലെ കുരുന്നുകളായ അഭിഷേകിന്റെയും ശ്രീനന്ദയുടെയും മന്ത്രി വീട്ടിലെത്തി കണ്ടിരുന്നു.
കുട്ടികളെ സന്ദർശിച്ച ശേഷം മന്ത്രി എംബി രാജേഷ് അഭിഷേകിന്റെയും ശ്രീനന്ദയുടെയും സത്യസന്ധതയെക്കുറിച്ചും ജീവിതാവസ്ഥയെക്കുറിച്ചും ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റാണ് കയറിക്കിടക്കാൻ സ്വന്തമായി വീടില്ലാത്ത കുട്ടികൾക്ക് പുതിയ ഒരു വീടെന്ന സ്വപ്നം പൂവണിയിച്ചത്. മന്ത്രിയുടെ രണ്ട് സുഹൃത്തുക്കൾ കുട്ടികൾക്ക് വീടുവെച്ച് കൊടുക്കാമെന്ന് ഇരുവരെയും നേരിട്ട് വിളിച്ച് അറിയിച്ചതായാണ് എംബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. മണിപ്പാലിലെ ഉഡുപ്പി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ ഷിനോദ് അഞ്ചു സെന്റ് സ്ഥലം വിലക്ക് വാങ്ങി നൽകാനുള്ള സന്നദ്ധത അറിയിച്ചത്. പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത മറ്റൊരു സുഹൃത്ത് കുട്ടികൾക്കും അമ്മക്കുമായി വീട് വച്ചു കൊടുക്കുന്നതിനുള്ള ആഗ്രഹം അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം
ഒരു ഫേസ്ബുക്ക് പോസ്റ്റിന് ജീവിതങ്ങൾ മാറ്റിമറിക്കാനാവുമോ? പരനിന്ദക്കും വിദ്വേഷപ്രചരണത്തിനും പകരം സ്നേഹവും കരുതലും ഉറപ്പാക്കാനും ഫേസ്ബുക്കിനെ ഉപയോഗപ്പെടുത്താനാവുമെന്നാണ് ഈ അനുഭവം പറയുന്നത്. കളഞ്ഞുകിട്ടിയ സ്വർണ്ണം ഉടമസ്ഥനെ തിരികെ ഏൽപ്പിച്ച പരുതൂരിലെ കുരുന്നുകളായ അഭിഷേകിന്റെയും ശ്രീനന്ദയുടെയും സത്യസന്ധതയെക്കുറിച്ചും ജീവിതാവസ്ഥയെക്കുറിച്ചും അവരെ വീട്ടിൽ പോയി കണ്ടശേഷം ഞാനൊരു ഫേസ്ബുക്ക് കുറിപ്പ് ഇട്ടിരുന്നു. ഒട്ടേറേപ്പേർ ഈ കുട്ടികൾക്ക് വീടുവച്ചു കൊടുക്കണമെന്നെല്ലാമുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കമന്റുകളായി രേഖപ്പെടുത്തിയിരുന്നു.
എന്നാൽ അവിടെ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ലെങ്കിലും എന്റെ രണ്ടു സുഹൃത്തുക്കൾ നേരിട്ട് വിളിച്ച് കുട്ടികളെ സഹായിക്കാനുള്ള സന്നദ്ധത അറിയിച്ച കാര്യം പങ്കുവക്കട്ടെ. ഇപ്പോൾ ഈ കുട്ടികൾ താമസിച്ചു വരുന്ന വീട് കൂട്ടുസ്വത്താകയാലും മറ്റ് അവകാശികൾ ഉള്ളതിനാലും ആ വീട് നിർമ്മാണം പൂർത്തിയാക്കുക എന്നത് പ്രായോഗികമാവുമായിരുന്നില്ല. സ്വന്തമായി സ്ഥലം കണ്ടെത്തി പുതുതായി വീട് വച്ച് കൊടുക്കുന്നതിനുള്ള മാർഗ്ഗമെന്ത് എന്ന ആലോചന പലരുമായി പങ്കുവച്ചിരുന്നു. അപ്പോഴാണ്, പരൂതൂരുകാരൻ തന്നെയായ എന്റെ സുഹൃത്തും പാർട്ടി അനുഭാവിയും മണിപ്പാലിലെ ഉഡുപ്പി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ ഷിനോദ് അഞ്ചു സെന്റ് സ്ഥലം വിലക്ക് വാങ്ങി നൽകാനുള്ള സന്നദ്ധത അറിയിച്ചത്.
അമേരിക്കയിൽ ജോലി ചെയ്യുന്ന എന്റെ മറ്റൊരു സുഹൃത്ത് ആ കുട്ടികൾക്കും അമ്മക്കുമായി വീട് വച്ചു കൊടുക്കുന്നതിനുള്ള ആഗ്രഹം അറിയിച്ചിട്ടുണ്ട്. ദീർഘകാല സുഹൃത്ത് ആണെങ്കിലും അറിയപ്പെടാൻ ആഗ്രഹമില്ല എന്നറിയച്ചതിനാൽ പേര് വെളിപ്പെടുത്തുന്നില്ല. (തൃത്താലയിൽ ഞാൻ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന സ്കോളർഷിപ്പ് പദ്ധതിയിൽ കുട്ടികളുടെ സ്പോണ്സർമാരിൽ ഒരാളായതും കോവിഡ് മൂലം രക്ഷിതാവിനെ നഷ്ടപ്പെട്ട് അനാഥമായ ഒരു കുടുംബത്തിനെ സംരക്ഷിക്കുന്നതും ഈ സുഹൃത്താണ്) ഷിനോദിനോടും പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത പ്രിയ സുഹൃത്തിനോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി ഞാൻ രേഖപ്പെടുത്തുന്നു.
ഈ രണ്ട് പേരും പോസ്റ്റ് കണ്ട് സഹായം ഇങ്ങോട്ട് വാഗ്ദാനം ചെയ്തതാണ് എന്ന കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. ഇത്തരത്തിൽ സഹായം അർഹിക്കുന്നവർ ഇനിയുമുണ്ട്. പോസ്റ്റിന് താഴെ അഭിപ്രായം രേഖപ്പെടുത്തുന്നവരിൽ സഹായമനസ്കതയുള്ളവർ തീർച്ചയായും അതും അറിയിക്കണം. അഭിഷേകിന്റെയും ശ്രീനന്ദയുടെയും കാര്യം എന്റെ ശ്രദ്ധയിൽപ്പെടുത്തിയ സി.പി.എം നേതാവ് സ.അലി ഇക്ബാൽ മാസ്റ്റർക്കും പാർട്ടി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
Read More : ന്യൂനമർദ്ദ പാത്തി; 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യത, ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്ക്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam