
പുല്‍പ്പള്ളി: ഒരു തുണ്ട് ഭൂമിയും കൊച്ചുവീടും ആശിച്ച് ലൈഫ് ഭവന പദ്ധതിക്ക് കീഴില്‍ അപേക്ഷകള്‍ കുമിഞ്ഞ് കൂടുന്നത് മറ്റാരേക്കാളും അറിയും അനീഷ് രാജിന്. അത്തരത്തില്‍ എത്തിയ ഒരു അപേക്ഷകക്ക് സ്വന്തം ഭൂമിയില്‍ നിന്ന് തന്നെ ഒരു ഭാഗം സൗജന്യമായി നല്‍കി മാതൃകയായിരിക്കുകയാണ് മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്തിലെ അക്കൗണ്ടന്റ് ആയ ദേവര്‍ഗദ്ദ കയ്യാലക്കകത്ത് അനീഷ് രാജ്. വീടും ഭൂമിയും ലഭിക്കാന്‍ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കി കാത്തിരുന്ന നിര്‍ധന കുടുംബത്തിന് പുതുജീവിതമാണ് അനീഷ് രാജും ഭാര്യയും അധ്യാപികയുമായ ഹരിതയും ചേര്‍ന്ന് നല്‍കിയത്. പുല്‍പള്ളി ഗ്രാമപ്പഞ്ചായത്തിലെ മണ്ഡപമൂലയില്‍ നാലുസെന്റ് സ്ഥലമാണ് കുടുംബത്തിന് വീട് നിര്‍മിക്കുന്നതിനായി ദാനം ചെയ്തത്.
റോഡ് സൗകര്യമുള്ള സ്ഥലം ഗുണഭോക്താക്കളായ കുടുംബം വന്ന് നേരിട്ടുകണ്ട് ഇഷ്ടപ്പെട്ടതിന് ശേഷമാണ് ഭൂമിയുടെ രജിസ്ട്രേഷനടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. പാവപ്പെട്ട ഒരു കുടുംബത്തെ സഹായിക്കണമെന്നത് ഏറെക്കാലമായി മനസ്സില്‍ കരുതിയിരുന്നതാണെന്നും അര്‍ഹരായവരെ കണ്ടെത്തിയാല്‍ വിവരമറിയിക്കാന്‍ സഹപ്രവര്‍ത്തകരായ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നതായും അനീഷ് പറഞ്ഞു. അങ്ങനെയാണ് സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ഏറ്റവും അര്‍ഹരായ കുടുംബത്തെ ഭൂമി നല്‍കുന്നതിനായി കണ്ടെത്തിയത്. കാപ്പിസെറ്റ് എസ്.എന്‍.എ.എല്‍.പി. സ്‌കൂളിലെ അധ്യാപികയായ ഭാര്യ ഹരിതക്കും അനീഷ് രാജിന്റെ തീരുമാനത്തോട് പൂര്‍ണ യോജിപ്പായിരുന്നു.
ഭൂമി നല്‍കിയ കുടുംബത്തിന്റെ സ്വകാര്യത മാനിച്ച് അവരുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ടതില്ലെന്നാണ് അനീഷിന്റെ പക്ഷം. നിര്‍ധനകുടുംബത്തിന് സ്ഥലം ലഭിച്ചതോടെ ഇനി സ്വന്തം വീടെന്ന സ്വപ്നവും സാക്ഷാത്കരിക്കാം. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഭൂമിയുടെ ആധാരം അനീഷും ഹരിതയും ചേര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബുവിന് കൈമാറി. വീട് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു പറഞ്ഞു. അനീഷ് രാജിനെയും ഭാര്യ ഹരിതയെയും മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam