
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് നാല്‍പ്പത് ലക്ഷം രൂപയുമായി യുവാവ് കടന്നുകളഞ്ഞെന്ന കേസില്‍ അടിമുടി ദുരൂഹത തുടരുന്നു. പണം നഷ്ടമായ ബാങ്ക് ശാഖയിലെ എട്ട് ജീവനക്കാരെ പൊലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതി ഷിബിന്‍ ലാല്‍ പണവുമായി കടന്നു കളയാന്‍ ഉപയോഗിച്ച സ്കൂട്ടര്‍ പൊലീസ് കണ്ടെത്തി. വമ്പന്‍ ആസൂത്രണത്തോടെ നടത്തിയ തട്ടിപ്പിലെ മുഖ്യപ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചു.
പന്തീരാങ്കാവിലെ അക്ഷയ എന്ന ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച സ്വര്‍ണം ടേക്ക് ഓവര്‍ ചെയ്യാന്‍ 40 ലക്ഷം രൂപയുമായി എത്തിയ രാമാനാട്ടുകര ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരനില്‍ നിന്നും പണം തട്ടിപ്പറിച്ച് യുവാവ് സ്കൂട്ടറില്‍ രക്ഷപ്പെട്ടു എന്ന വിവരം ഇന്നലെ ഉച്ചയോടെയാണ് പുറത്തുവന്നത്. നാടിനെ അമ്പരിപ്പിക്കുന്ന രീതിയിലാണ് കേസിന്റെ നിലവിലെ പോക്ക്. ബാങ്ക് ജീവനക്കാരുടെയും കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരുടേയും മൊഴികള്‍ പരിശോധിക്കുമ്പോള്‍ അടിമുടി ദുരൂഹതകളും വന്‍ ആസൂത്രണം കേസില്‍ നടന്നു എന്ന വിവരവുമായി പുറത്തുവരുന്നത്. അക്ഷയ ഫൈനാന്‍സിയേഴ്സ് എന്ന ധനകാര്യ സ്ഥാപനത്തില്‍ സ്വര്‍ണം പണയം വെച്ചിട്ടുണ്ടെന്ന വ്യാജരേഖയുണ്ടാക്കിയ പ്രതി ഷിബിന്‍ ലാല്‍ ഈ സ്വര്‍ണ്ണം മാറ്റി പണയം വെക്കാന്‍ ഇസാഫ് ബാങ്കിനെ സമീപിച്ചു എന്നായിരുന്നു ഇന്നലെ പുറത്തുവന്ന വിവരം. അക്ഷയ ധനകാര്യ സ്ഥാപനത്തിന്റെ പുറത്തുവെച്ചാണ് ഷിബിന്‍ ലാല്‍ ഇസാഫ് ബാങ്ക് ജീവനക്കാരനായ അരവിന്ദന്റെ പക്കല്‍ നിന്നും പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്നുകളഞ്ഞത്.
എന്നാല്‍, പിന്നീട് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത് അക്ഷയ എന്ന സ്ഥാപനത്തിന് സമീപത്ത് തന്നെയുള്ള ഒളവണ്ണ സഹകരണ ബാങ്കില്‍ ഇടപാടുണ്ടെന്നാണ് ഷിബിന്‍ ലാല്‍ വിശ്വസിപ്പിച്ചെതെന്നും ഇവിടേക്ക് കൊണ്ടുപോയ പണം അക്ഷയ ഫൈനാന്‍സിയേഴ്സിന് സമീപത്തുവെച്ച് തട്ടിയെടുത്തു എന്നുമാണ്. ജീവനക്കാരനില്‍ നിന്നും പണം തട്ടിയെടുത്തപ്പോള്‍ സമീപത്ത് തന്നെ മറ്റ് ഏഴ് ജീവനക്കാരും ഉണ്ടായിരുന്നു. തട്ടിപ്പറിച്ച ബാഗുമായി പ്രതിക്ക് ഇത്രയും തിരക്കേറിയ സ്ഥലത്ത് നിന്ന് എങ്ങനെ സ്കൂട്ടറില്‍ കടന്നുകളയാന്‍ കഴിഞ്ഞു എന്നതും ആശ്ചര്യമുണ്ടാക്കുന്നതാണ്.
സംഭവം നടന്ന് 45 മിനുട്ട് കഴിഞ്ഞതിന് ശേഷമാണ് വിവരം പൊലീസിനെ അറിയിച്ചത് എന്നതും സംശയത്തിന് ഇടയാക്കുന്നു. ജീവനക്കാരനെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി എട്ട് ജീവനക്കാരെയും പൊലീസ് ഒറ്റയ്ക്കും ഒരുമിച്ചും ഇരുത്തി വിശദമായി ചോദ്യം ചെയ്യുകയാണ്. അതിനിടെ പ്രതി നേരത്തെയും തട്ടിപ്പ് നടത്തിയിരുന്നെന്ന വിവരവും പുറത്തു വന്നു. വാഹന ഇടപാടുകളില്‍ ഷിബിന്‍ലാല്‍ തട്ടിപ്പ് നടത്തിയെന്ന പരാതിക്കാരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഷിബിന്‍ ലാല്‍ സഞ്ചരിച്ച സ്കൂട്ടര്‍ പ്രതിയുടെ തന്നെ പന്തീരാങ്കാവിലെ ഷെഡില്‍ നിന്നാണ് ഇന്ന് പുലര്‍ച്ചെ പൊലീസ് കണ്ടെത്തിയത്. ഇയാള്‍ സംസ്ഥാനം വിട്ടു പോയെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലേക്കും പാലക്കാട്ടേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.