
മലപ്പുറം: അരീക്കോട് ചെക്കുന്ന് മലയുടെ താഴ്വാരത്തുള്ള വീട്ടിൽ സൗഹാന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഖദീജയും ഹസൻകുട്ടിയും. ഒരു വർഷത്തിന് മുമ്പ് കാണാതായ തങ്ങളുടെ മകൻ തിരികെ എത്തുമെന്ന പ്രതിക്ഷയിലാണ് ഈ ഉമ്മയും ബാപ്പയും. 2021 ആഗസ്റ്റ് 14ന് രാവിലെ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ഭിന്നശേഷിക്കാരനായ സൗഹാനെ പൊടുന്നനെ കാണാതാവുകയായിരുന്നു. കുരങ്ങന് പിന്നാലെ ഓടി ചെക്കുന്ന് മലയിലേക്ക് കയറിയെന്നാണ് ആദ്യം സംശയിച്ചിരുന്നത്. തുടർന്ന് 400ലേറെ വളണ്ടിയർമാർ ഒന്നിച്ച് ചെക്കുന്ന് മല അരിച്ചുപൊറുക്കിയിട്ടും കാണാതായ സൗഹാനെ കണ്ടെത്താനായില്ല.
അരീക്കോട് പൊലിസ് ഇൻസ്പെക്ടർ ലൈജു മോന്റെ നേതൃത്വത്തിലാണ് വിവിധ സന്നദ്ധ വളണ്ടിയർമാർ ചെക്കുന്ന് മലയുടെ താഴ് വാരത്തിൽ തിരച്ചിൽ നടത്തിയിരുന്നത്. ജില്ലയിലെ എട്ട് ഫയർ ഫോഴ്സ്സ് സ്റ്റേഷന് കീഴിലെ സിവിൽ ഡിഫൻസ് വളണ്ടിയർമാർ, ട്രോമാ കെയർ, മറ്റു സന്നദ്ധ-രാഷ്ട്രീയ പ്രവർത്തകരുടെ വളണ്ടിയർമാർ ഉൾപ്പെടെയുള്ളവർ നടത്തിയ തിരച്ചിലിലും ഫലം നിരാശയായിരുന്നു. ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ അനുഭവിക്കുന്ന സൗഹാനെ ആരൊക്കെയോ ചേർന്ന് തട്ടിക്കൊണ്ടു പോയതാകാമെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്.
വെറ്റിലപ്പാറ ചൈരങ്ങാട് ഹസൻകുട്ടിയുടെയും ഖദീജയുടെയും ഇളയ മകനായ സൗഹാൻ ശരീരിക ബുദ്ധിമുട്ടുകൾ മൂലം മൂന്നാം ക്ലാസ് വരെയെ സ്‌കൂളിൽ പോയിട്ടുള്ളൂ. ഒരു വശത്തേക്ക് കാൽ വലിച്ചാണ് സൗഹാൻ നടക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ടു തന്നെ പുറത്തിറങ്ങിയാലും അധിക ദൂരം പോകാൻ സൗഹാന് കഴിയില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. വഴി തെറ്റി എങ്ങോട്ടെങ്കിലും പോയതാകാമെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. സൗഹാനെ തിരഞ്ഞ പൊലീസ് നായ ആദ്യം അടുത്തുള്ള മലയിലേക്ക് ഓടിക്കയറിയെങ്കിലും പിന്നീട് തിരിച്ച് റോഡിലേക്കു തന്നെ ഇറങ്ങി വന്നു.
ഇതോടെയാണ് കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാകാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. സൗഹാന് വേണ്ടി കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും കർണ്ണാടകയിലും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. സൗഹാൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് മാതാവ് ഖദീജയും പിതാവ് ഹസൻകുട്ടിയും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam