
പാലക്കാട്: കുളപ്പുള്ളിയിൽ ബസ് സ്റ്റാൻഡിന് സമീപത്ത് നിർത്തിയിട്ട ഇരുചക്രവാഹനം മോഷ്ടിച്ച് പൊളിച്ചു വിറ്റ സംഭവത്തിൽ പൊളി മാർക്കറ്റ് ഉടമ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ഈ മാസം 25ന് രാത്രി കുളപ്പുള്ളി ബസ്റ്റാൻഡ് പരിസരത്ത് നിർത്തിയിട്ട് പോയ വല്ലപ്പുഴ കുറുവട്ടൂർ സ്വദേശിയുടെ ഇരുചക്രവാഹനമാണ് മോഷ്ടാക്കൾ കവർന്നത്. ഷൊർണൂർ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ ദിവസങ്ങൾക്കുള്ളിൽ പിടികൂടിയത്.
ഷൊർണൂർ കുളപ്പുള്ളി ബസ് സ്റ്റാൻഡിന് സമീപത്ത് നിർത്തിയിട്ടു പോയ വല്ലപ്പുഴ കുറുവട്ടൂർ സ്വദേശി മുഹമ്മദ് മുസ്തഫയുടെ 25000ത്തോളം രൂപ വില വരുന്ന ഹീറോയുടെ പാഷൻ പ്ലസ് ബൈക്കാണ് മോഷ്ടാക്കൾ കവർന്നത്. കേസിൽ ഒന്നാം പ്രതിയായ വല്ലപ്പുഴ വലിയപറമ്പിൽ 28 കാരനായ മുഹമ്മദ് യൂനസ്, രണ്ടാം പ്രതിയായ നെല്ലായ, വള്ളിക്കാട്ട് തൊടിവീട്ടിൽ 28 കാരനായ ഷാഹുൽഹമീദ്, മൂന്നാം പ്രതി പൊളി മാർക്കറ്റ് ഉടമയായ ഓങ്ങല്ലൂർ കൊണ്ടൂർക്കര വരമംഗലത്ത് വീട്ടിൽ 29 കാരൻ ആഷിർ എന്നിവരെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്
മോഷ്ടിച്ച ശേഷം ബൈക്ക് ഒരു ഗുഡ്സ് ഓട്ടോറിക്ഷയിൽ കയറ്റി പോകുന്നതിന്റെ സിസിടിവി ദൃശ്യം ഷൊർണൂർ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കയ്യിൽ ലഭിച്ചതോടെയാണ് കേസിൽ വഴിത്തിരിവായത്. ഈ ഗുഡ്സ് ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇതേ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന ഒന്ന് രണ്ട് പ്രതികളെ ആദ്യം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രണ്ടുപേരെയും ചോദ്യം ചെയ്തതോടെയാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. തുടർന്ന് വാഹനം പട്ടാമ്പി മഞ്ഞളുങ്ങൽ തളി ക്ഷേത്രത്തിനു സമീപത്ത് പൊളി മാർക്കറ്റിൽ പൊളിച്ചു വിറ്റതായി പ്രതികൾ സമ്മതിച്ചു.
പൊലീസ് സംഘം പൊളി മാർക്കറ്റിൽ എത്തി നടത്തിയ പരിശോധനയിൽ നിയമാനുസൃത രേഖകളും ചട്ടങ്ങളും ഇല്ലാതെയാണ് കടയുടമ പഴയ വാഹനം വാങ്ങി പൊളിച്ചു വിറ്റതെന്ന് ബോധ്യപ്പെട്ടതോടെ കടയുടമയെയും കേസിൽ പ്രതി ചേർക്കുകയായിരുന്നു. ഷൊർണൂർ ഡിവൈഎസ്പി ആർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സബ് ഡിവിഷണൽ ക്രൈം സ്ക്വോഡും ഷൊർണൂർ സർക്കിൾ ഇൻസ്പെക്ടർ വി രവികുമാർ,എസ് ഐ - കെ ആർ മോഹൻദാസ്, എ എസ് ഐ - കെ.അനിൽ കുമാർ,സജീഷ് എന്നിവർ അടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. മൂന്നു പ്രതികളെയും കോടതിയിൽ ഹാജരാക്കി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam