
പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയിൽ 17 കാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ ശിക്ഷ വിധി ഇന്ന്. ശാരികയുടെ മുന്‍ സുഹൃത്ത് സജിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒപ്പം ഇറങ്ങി ചെല്ലാൻ വിസമ്മതിച്ചതിനാണ് ശാരികയെ അയൽവാസി കൂടിയായ പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. 2017 ജൂലൈ 14ന് ആയിരുന്നു ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ ശാരിക കോയമ്പത്തൂരിൽ ചികിത്സയിലിരിക്കെ ജൂലൈ 22ന് മരിച്ചു. മരണമൊഴി കേസിൽ നിർണായകമായി.
2017 ജൂലൈ 14ന് വൈകിട്ടാണ് ശാരിയെ ആൺസുഹൃത്ത് ആക്രമിച്ചത്. അയൽവാസി കൂടിയായ സജിലിന്‍റെ ശല്യം സഹിക്കവയ്യാതെ ബന്ധുവീട്ടിലേക്ക് പെൺകുട്ടി മാറിയിരുന്നു. അവിടെയെത്തിയാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. തന്‍റെ ഒപ്പം ഇറങ്ങിവരണമെന്ന നിർബന്ധത്തിന് വഴങ്ങാതെ വന്നതാണ് ആക്രമണത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. കോയമ്പത്തൂരിൽ ചികിത്സയിലിരിക്കെ ജൂലൈ 22 ന് ശാരിക മരിച്ചു. മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും പ്രധാന തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ അവതരിപ്പിച്ചു. കേസിൽ പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam