
അടിമാലി: മാതാപിതാക്കൾ ആശുപത്രിയിൽ ആയതോടെ ആരും സംരക്ഷിക്കാനില്ലാതിരുന്ന ഭിന്നശേഷിക്കാരനായ ഇരുപത്തിയൊന്നുകാരന് ഒടുവിൽ കോതമംഗലം പീസ് വാലി തുണയായി. കല്ലാർകുട്ടി കാലായി ബാബു -ബിന്ദു ദമ്പതികളുടെ മകനാണ് സെറിബ്രൽ പാൾസി ബാധിതനായ ബിബിൻ. എലിപ്പനി ബാധിച്ച് അച്ഛൻ ബാബുവിനെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും അമ്മ ബിന്ദുവും ആശുപത്രിയിൽ ആയതോടെയാണ് ബിബിൻ ഒറ്റക്കായത്. പ്രഥമിക കാര്യങ്ങൾക്ക് പോലും ഒരാളുടെ സഹായം ആവശ്യമുള്ള ബിബിന്റെ അവസ്ഥ ഇതോടെ പരിതാപകരമായി.
ബാബുവിന്റെ മൂന്ന് സഹോദരങ്ങളും ഒരു സഹോദരിയും മാസങ്ങളുടെ ഇടവേളകളിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടതിനാൽ ബന്ധു വീടുകളിലും അഭയം നൽകാനാവാത്ത അവസ്ഥയായിരുന്നു. നാല് വയസ്സുകാരിയായ ഇളയ കുട്ടിയെ അയൽവീടുകളിൽ ഏല്പിച്ചാണ് ബിന്ദു ആശുപത്രിയിലേക്ക് പോയത്. ബിബിന്റെ ദുരവസ്ഥക്ക് പരിഹാരം തേടി സമീപവാസികൾ കോതമംഗലം പീസ് വാലിയെ സമീപിച്ചു. മാതാപിതാക്കൾ ജീവിച്ചിരിക്കുന്നതിനാൽ ഏറ്റെടുക്കുന്നതിലെ സാങ്കേതികത്വം പീസ് വാലി അധികൃതർ നാട്ടുകാരെ അറിയിച്ചു. ഇതോടെ മാതാവ് ബിന്ദു തൻ്റെ മകനെ സംരക്ഷിക്കാൻ നടപടി വേണമെന്ന് കാണിച്ച് ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമക്ക് അപേക്ഷ നൽകി.
വെള്ളത്തൂവൽ വില്ലേജ് ഓഫീസർ വഴി സബ് കളക്ടർ ഇവരുടെ അവസ്ഥ മനസിലാക്കി. അപേക്ഷക ഇതിന് അർഹയാണെന്ന് വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകി. ഇതോടെ കുട്ടിയെ ഏറ്റെടുക്കുവാൻ പീസ് വാലിക്ക് സബ് കളക്ടർ രേഖാ മൂലം അനുമതി നൽകി. ഇതോടെ നിയമകുരുക്കിന് പരിഹാരമായി ബിബിൻ പീസ് വാലിയിൽ എത്തി. ബാബുവിനു ഇനി തുടർച്ചയായി ഡയാലിസിസ് വേണ്ടതിനാൽ നിരന്തരം ആശുപത്രിയിൽ പോകേണ്ടി വരുമ്പോൾ ബിബിൻ അനാഥനാവുന്ന അവസ്ഥക്ക് ഇതോടെ അറുതിയായി. പീസ് വാലി ഭാരവാഹികളായ അജാസ് കെ എം, അഷ്‌റഫ് പി എം, ശംസുദ്ധീൻ പി എം, ഷെഫിൻ നാസർ എന്നിവരാണ് ബിബിനെ ഏറ്റെടുക്കാൻ എത്തിയത്.
തട്ടിക്കൊണ്ടുപോവല്‍, സ്ത്രീകള്‍ക്കെതിരെ ആക്രമണം; കുപ്രസിദ്ധ ഗുണ്ട 'അപ്പൂസ്' പിടിയില്‍