
മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ ഒന്നാംവാർഡിൽ വള്ളാംകടവ് ബിജുവില്ലയിൽ പെണ്ണമ്മയെന്ന 66 കാരിയുടെ പ്രതീക്ഷ നെൽ കൃഷിയായിരുന്നു. നാല് മാസങ്ങൾക്കുമുമ്പാണ് ഭർത്താവ് തങ്കച്ചൻ മരണപ്പെട്ടത്. കാലിൽ നീരുമായി ജോലിചെയ്യാൻ കഴിയാത്ത അവസ്ഥയിൽ നാല്പത്തിയൊമ്പത് വയസുള്ള ഏകമകൻ ബിജുവും ഭാര്യ ആശയുമാണ് പെണ്ണമ്മയോടോപ്പം താമസം. ചെന്നിത്തല ഒന്നാം ബ്ലോക്കിൽ വീടിനോട് ചേർന്നുള്ള ഒന്നരയേക്കറിലായിരുന്നു നെൽക്കൃഷി.
ചെന്നിത്തല ഒന്നാംബ്ലോക്കിൽ കൊയ്ത്ത് തുടങ്ങിയപ്പോൾ കാലാവസ്ഥാവ്യതിയാനം തുടങ്ങിയെങ്കിലും തന്റെ പാടത്തും കൊയ്ത്ത് യന്ത്രം ഇറങ്ങുന്നത് കാണാൻ ആ കർഷകസ്ത്രീ പ്രതീക്ഷയോടെ കാത്തിരുന്നു. ഇടമുറിയാതെ പെയ്ത മഴയിൽ പാടത്ത് വെള്ളം നിറഞ്ഞതോടെ ആറ്റുനോറ്റിരുന്ന നെൽച്ചെടികൾ വെള്ളത്തിൽ മുങ്ങി. കൊയ്ത്ത് യന്ത്രം ഇറക്കാൻ പറ്റാതെ വെള്ളത്തിൽ മുങ്ങിയ നെൽച്ചെടികൾ നശിക്കാൻ തുടങ്ങിയതോടെ പെണ്ണമ്മ അരിവാളുമായി പാടത്തിറങ്ങി.
കൂലിക്ക് ഒരാളെയും കൂട്ടി. എന്നിട്ടും നാലിലൊന്ന് കൊയ്തെടുക്കാനെ പെണ്ണമ്മക്ക് കഴിഞ്ഞുള്ളു. കിട്ടിയ നെല്ല് ഉണക്കിയെടുത്താൽ കഞ്ഞിക്കുള്ള വകയെങ്കിലും ആവുമെന്ന പെണ്ണമ്മയുടെ വിശ്വാസം പെയ്തൊഴിയാത്ത മഴയിൽ തകർന്നു. ഉണക്കാൻ കഴിയാതെ കൊയ്തെടുത്തതെല്ലാം കിളിർത്തു തുടങ്ങി. കിളിർത്ത നെല്ല് വാരിയെടുത്തപ്പോൾ പെണ്ണമ്മയുടെ കണ്ണ് നിറഞ്ഞു. കടം വാങ്ങിയതെല്ലാം കൊയ്ത്ത് കഴിഞ്ഞ് തിരികെക്കൊടുക്കാമെന്ന പെണ്ണമ്മയുടെ പ്രതീക്ഷകളാണ് വെള്ളത്തിൽ മുങ്ങിപ്പോയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam