
കൊച്ചി: യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. വടക്കേക്കര പുല്ലൂറ്റ് പറമ്പ് അമ്പലത്തിന് സമീപം വട്ടത്തറ വീട്ടിൽ മുന്ന എന്ന പ്രജിത്ത് (31), അയ്യമ്പിള്ളി ഗവ. ആശുപത്രിക്ക് സമീപം നികത്തിത്തറ വീട്ടിൽ നന്ദു സരസൻ (28) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. മനു നവീൻ, നാം ദേവ് എന്നിവർക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. പ്രജിത്തും മനു നവീനും സുഹൃത്തുകളായിരുന്നു. ഇവർ തമ്മിലുണ്ടായ വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. കഴിഞ്ഞ 16 ന് അയ്യമ്പിള്ളി തറവട്ടം ഭാഗത്തുള്ള കെട്ടിനടുത്ത് വച്ചാണ് ആക്രമണമുണ്ടായത്.
ചൂണ്ടയിട്ടു കൊണ്ടിരിക്കുകയായിരുന്ന മനു നവീനേയും സുഹൃത്തായ നാം ദേവിനേയും ഓട്ടോറിക്ഷയിലെത്തിയ പ്രജിത്തും സംഘവും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് അക്രമം നടത്തിയവർ ഒളിവിൽപ്പോയി. പിടിയിലായവർ നിരവധി കേസിലെ പ്രതിയാണ്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം വിശ്വംഭരൻ, എസ് ഐമാരായ ടി എസ് സനീഷ്, എം അനീഷ്, എ എസ് ഐ ആന്റണി ജയ്സൻ, എസ് സി പി ഒ മാരായ സജി, സുധീശൻ, സി പി ഒ ലനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
അതേസമയം, കാപ്പ ചുമത്തി പൊലീസ് നാടുകടത്തിയ യുവാവ് മോഷണക്കേസില്‍ പിടിയിലായി. മാനന്തവാടി അമ്പുകുത്തി കല്ലിയോട്ടുക്കുന്ന് ആലക്കല്‍ വീട്ടില്‍ റഫീഖ് (39) ആണ് മാനന്തവാടി പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ കല്ലിയോട്ടുക്കുന്നില്‍ നാട്ടുകാരുടെ പിടിയിലകപ്പെടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് എത്തിയ പൊലീസാണ് റഫീഖ് അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam