43 അടി ഉയരമുള്ള പെയിന്റിങ് ബ്രഷിൽ ഒരുങ്ങി അയ്യൻകാളിയുടെ ചിത്രം; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാൻ ശ്രീരാജ്

By Web TeamFirst Published Aug 30, 2020, 4:22 PM IST
Highlights

കുഞ്ഞുനാളിൽ അച്ഛൻ നഷ്ടപ്പെട്ട ശ്രീരാജിനെ കഷ്ടപ്പെട്ടാണ് അമ്മ വളർത്തിയത്. ഏകമകനായ ശ്രീരാജ് വീട്ടിലെ ഏകാന്തതയിൽ പെൻസിലും സ്കെച്ചും ഉപയോഗിച്ച് കൂട്ടുകാരാക്കിയത് നിറങ്ങളെയും വർണങ്ങളെയുമാണ്. 

തിരുവനന്തപുരം: ഗിന്നസ് ആൻഡ് യുആർഎഫ് ലോക റെക്കോർഡ് ലക്ഷ്യമിട്ട് ലോകത്തിലെ ഏറ്റവും വലിയ പെയിന്റിങ് ബ്രഷ് ഉപയോഗിച്ച് മഹാത്മാ അയ്യൻകാളിയുടെ ചിത്രം വരച്ച് ആർട്ടിസ്റ്റ്  ശ്രീരാജ്. നെയ്യാറ്റിൻകര കുന്നത്തുകാൽ ഗവ. യു.പി സ്‌കൂൾ അങ്കണത്തിൽ വച്ചാണ് ചിത്രം വരച്ചത്. 43 അടി ഉയരമുള്ള പെയിന്റിങ് ബ്രഷ് ഉപയോഗിച്ച് 10 അടി വീതിയും 12 അടി ഉയരവുമുള്ള കാൻവാസിലാണ് അയ്യങ്കാളിയുടെ ചിത്രം വരച്ചത്. 

80 ശതമാനത്തോളം പേപ്പറും, കമ്പിയും കൊണ്ടാണ് ബ്രഷ് നിർമ്മിച്ചിരിക്കുന്നത്. ജെസിബി ഉപയോഗിച്ച് ബ്രഷ് താങ്ങി നിർത്തി ആയിരുന്നു ചിത്രം വര. ഏകദേശം ഒന്നര മണിക്കൂർ കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. മഞ്ഞാലുംമൂട് തിട്ടമൺകോണം വീട്ടിൽ സുശീലയുടെ മകനാണ് ശ്രീരാജ്. ചിത്രകലയിലും ശില്പകലയിലും ഗുരുക്കൻമാരില്ലാത്ത ശ്രീരാജ് ഇതിനോടകം തന്നെ ജനശ്രദ്ധ നേടിയ കലാകാരനാണ്. കൂടാതെ ഇതിനു മുൻപ് തന്നെ രണ്ട് ഗിന്നസ് റെക്കോർഡുകളും നിരവധി അവാർഡുകളും നേടിയ കലാകാരൻ കൂടിയാണ് ശ്രീരാജ്. 

2013ൽ ലോകത്തിലെ ഏറ്റവും വലിയ ചാർക്കോൾ പെൻസിൽ ചിത്രം 25 അടി ഉയരവും 20 അടി ഉയരവുമുള്ള പേപ്പറിൽ ഏഴര മണിക്കൂർ കൊണ്ട് വരച്ചാണ് ആദ്യ ലോക റെക്കോർഡിന് ശ്രീരാജ് അർഹനായത്. 2018ൽ ലോകത്തിലെ ഏറ്റവും വലിയ സാന്റാക്ലോസ് ചിത്രം ഒന്നരലക്ഷം ഗ്ലാസ് കഷ്ണങ്ങൾ ഉപയോഗിച്ച് 30 അടി ഉയരത്തിലും 16 അടി വീതിയിലും അണിയിച്ചൊരുക്കിയും ശ്രീരാജ് ഗിന്നസ് ബുക്കിൽ ഇടം നേടി. 

കുഞ്ഞുനാളിൽ അച്ഛൻ നഷ്ടപ്പെട്ട ശ്രീരാജിനെ കഷ്ടപ്പെട്ടാണ് അമ്മ വളർത്തിയത്. ഏകമകനായ ശ്രീരാജ് വീട്ടിലെ ഏകാന്തതയിൽ പെൻസിലും സ്കെച്ചും ഉപയോഗിച്ച് കൂട്ടുകാരാക്കിയത് നിറങ്ങളെയും വർണങ്ങളെയുമാണ്. അമരവിള ഐടിഐയിൽ നിന്ന് ഐടിസി പൂർത്തിയാക്കിയെങ്കിലും സാമ്പത്തിക പരാധീനത കാരണം തുടർപഠനം അസാധ്യമായി. 

ഇപ്പോൾ തന്റെ കഴിവുകളിലൂടെ ജനശ്രദ്ധ നേടിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. ശ്രീരാജിന്റെ ചിത്രങ്ങൾക്കും സൃഷ്ടികൾക്കും നിരവധി അംഗീകാരങ്ങളും അവാർഡുകളും ഇതിനോടകം ലഭിച്ചിട്ടുണ്ട്. ലോക റെക്കോർഡ് ലക്ഷ്യമിട്ട് വരച്ച അയ്യങ്കാളി ചിത്രത്തിനും ശ്രീരാജിന് ഗിന്നസ് റെക്കോർഡ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അമ്മയും കൂട്ടുകാരുമടങ്ങുന്ന കൊച്ചു ഗ്രാമം.

click me!