
തിരുവനന്തപുരം : തെളിവെടുപ്പ് നടത്തുന്നതിനിടെ, താൻ ഇനിയും കുറ്റം ചെയ്യുമെന്ന വെല്ലുവിളിയുമായി പ്രതി. തിരുവനന്തപുരം തുമ്പ സ്വദേശിയും കുപ്രസിദ്ധ കുറ്റവാളിയായുമായ ലിയോൺ ജോൺസണാണ് ബോംബെറിയുമെന്നും വധശ്രമം നടത്തുമെന്നും ഭീഷണി മുഴക്കിയത്. മുഖ്യമന്ത്രിക്ക് എതിരെ പോസ്റ്റിട്ടതിനാണ് ഇയാൾ പിടിയിലായത്.
മുതലപ്പൊഴിയിലെ അപകടങ്ങളുടെ പേരിൽ മുഖ്യമന്ത്രിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചതിന് കഴിഞ്ഞ ദിവസമാണ് ലിയോൺ ജോൺസൺ തുമ്പ പൊലീസിന്റെ പിടിയിലായത്. ചോദ്യം ചെയ്യലിനിടെ ഇയാളുടെ വീട്ടിൽ എംഡിഎംഎ സൂക്ഷിച്ചിരുന്ന വിവരം പൊലീസിന് കിട്ടി. തുടർന്ന് നടത്തിയ പരിശോധനയിൽ ലിയോണിന്റെ വീട്ടിൽനിന്ന് 14 ഗ്രാം എംഡിഎംഎ പിടികൂടി. ഈ കേസിൽ വീട്ടിൽ നടത്തിയ തെളിവെടുപ്പിനിടെയാണ് പ്രതിയുടെ വെല്ലുവിളി. ഒരു ബോംബേറ് കേസിലും വധശ്രമ കേസിലും കൂടി പ്രതിയാകും, പിന്നെ നല്ല നടപ്പായിരിക്കും, നാട്ടുവിട്ടുപോകും.
കൂടെയുണ്ടായിരുന്ന പൊലീസുകാരോടാണ് പ്രതിയുടെ ഈ തുറന്നുപറച്ചിൽ. ആരെയാണ് ആക്രമിക്കാൻ ലക്ഷ്യമിടുന്നത് എന്നൊന്നും ലിയോൺ പറഞ്ഞില്ല.
പ്രതിപക്ഷത്തെ 'വെട്ടിലാക്കിയ' കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ, നിയമസഭയിൽ ഇന്ന് സംഭവിച്ചത്...
നിരവധി വധശ്രമ, ബോംബേറ്, കഞ്ചാവ് അടിപിടി കേസുകളിലെ പ്രതിയാണ് ലിയോൺ. 2022 ഏപ്രിലിൽ തുമ്പയിൽ രാജൻ ക്ലീറ്റസെന്നയളിന്റെ കാൽ ബോംബെറിഞ്ഞ് തകർത്ത കേസിൽ പിടിയിലായിരുന്നു. പിന്നീട് ഇയാളെ കാപ്പ ചുമത്തി ജയിലിലടച്ചു. പുറത്തിറങ്ങിയ ഇയാളെ ആയുധങ്ങളുമായി പിന്നെയും പിടികൂടി. ഈ കേസിൽ പുറത്തിറങ്ങിയതിന് ശേഷമാണ് മുഖ്യമന്ത്രിക്ക് എതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ചെന്നൈയിൽ നിന്നാണ് ലിയോൺ പിടിയിലായത്.