കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും മുതിര്‍ന്ന നേതാക്കളുടെ പേര് മാസപ്പടി ഡയറിയിൽ നിന്ന് വ്യക്തമായതോടെയാണ് തൊടുന്യായം പറഞ്ഞ് പ്രതിപക്ഷം നിയമസഭയിൽ പിൻവാങ്ങിയതെങ്കിൽ അപ്രതീക്ഷിതമായിരുന്നു മാത്യു കുഴൽനാടന്‍റെ നീക്കം. 

തിരുവനന്തപുരം : മാസപ്പടി വിവാദത്തിൽ നിന്ന് സാങ്കേതിക ന്യായം പറഞ്ഞ് നിയമസഭയിൽ നിന്ന് പിൻവാങ്ങിയ പ്രതിപക്ഷത്തെ വെട്ടിലാക്കി മാത്യു കുഴൽനാടന്റെ ഒറ്റയാൾ നീക്കം. നെൽവയൽ നീ‍ര്‍ത്തട ഭേദഗതി ചര്‍ച്ചക്കിടെ വിവാദം സഭയിലെത്തിക്കാൻ ശ്രമിച്ച കഴൽനാടനെ സ്പീക്കര്‍ ഇടപെട്ട് തടഞ്ഞത് നാടകീയ മുഹൂര്‍ത്തങ്ങൾക്കും വാദ പ്രതിവാദങ്ങൾക്കും ഇടയാക്കി. പരാമര്‍ശങ്ങൾ സഭാരേഖയിൽ നിന്ന് നീക്കം ചെയ്ത സ്പീക്കര്‍ മീഡിയ റൂമിൽ വാര്‍ത്താസമ്മേളനം നടത്താൻ പോലും മാത്യു കുഴൽനാടനെ അനുവദിച്ചില്ല. 

കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും മുതിര്‍ന്ന നേതാക്കളുടെ പേര് മാസപ്പടിഡയറിയിൽ നിന്ന് വ്യക്തമായതോടെയാണ് തൊടുന്യായം പറഞ്ഞ് പ്രതിപക്ഷം നിയമസഭയിൽ പിൻവാങ്ങിയതെങ്കിൽ അപ്രതീക്ഷിതമായിരുന്നു മാത്യു കുഴൽനാടന്‍റെ നീക്കം. സ്വജനപക്ഷപാതവും സ്വാധീനവും അഴിമതിയെന്ന് പറഞ്ഞ് തുടങ്ങിയപ്പോഴെ സ്പീക്കറിടപെട്ടു. വിഷയം ഉന്നയിക്കുകയോ ആരോപണ വിധേയരുടെ പേര് പറയുകയോ ചെയ്യും മുൻപ് ബഹളമുണ്ടാക്കുന്നത് ആരെ പേടിച്ചെന്ന് കുഴൽനാടൻ തിരിച്ചടിച്ചു. 

'പാര്‍ട്ടിക്ക് വേണ്ടി സിഎംആ‍ര്‍എല്ലിൽ നിന്നും പണം വാങ്ങി, തുക ഓര്‍മ്മയില്ല'; ഒടുവിൽ സമ്മതിച്ച് ചെന്നിത്തല

വിവാദ പരാമര്‍ശങ്ങൾ സഭാരേഖയിൽ ഉണ്ടാകില്ലെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചു. ഇടക്ക് ക്രമപ്രശ്നമുന്നയിച്ച് നിയമമന്ത്രി പി രാജീവ് എഴുന്നേറ്റു. ബഹളം വച്ച് യാഥാര്‍ത്ഥ്യങ്ങളെ മറയ്ക്കാനാകില്ലെന്നും ജനങ്ങൾക്ക് മുന്നിൽ മറുപടി പറയാതെ ഒളിച്ചോടാൻ അനുവദിക്കില്ലെന്നും കൂടി കുഴൽനാടൻ പറഞ്ഞതോടെ സ്പീക്കര്‍ ഇടപെട്ട് പ്രസംഗം അവസാനിപ്പിക്കുകയായുന്നു. സഭാ രേഖയിൽ നിന്ന് നീക്കിയ കാര്യങ്ങൾ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യരുതെന്നും റൂളിംഗ് ഉണ്ട് . 

തടിക്ക് തട്ടുന്ന വിവാദം മയപ്പെടുത്താൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നതിനിടെയാണ് മാത്യു കുഴൽനാടന്‍റെ നീക്കം. സാമ്പത്തിക ശക്തികൾക്ക് രാഷ്ട്രീയ കക്ഷികൾ കീഴടങ്ങുന്നത് ദുഷ് പ്രവണതയാണെന്ന് ആരോപിച്ച് മാസപ്പടി വിവാദത്തിൽ കെപിസിസി മുൻ പ്രസിഡന്‍റ് വിഎം സുധീരനും ആഞ്ഞടിച്ചിരുന്നു. 

മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയര്‍ന്ന ആരോപണം അഴിമതിയല്ലെന്ന നിലപാടില്ലെന്ന് പറഞ്ഞായിരിക്കും കോൺഗ്രസ് നേതൃത്വം പിടിച്ച് നിൽക്കുക. സഭയിലുന്നയിക്കുന്നതിനോ വിവാദം ഏറ്റെടുത്ത് മുന്നോട്ട് പോകുന്നതിനോ ആര്‍ക്കും പ്രത്യക്ഷ വിലക്കുമില്ല. ഒതുക്കാൻ ശ്രമിച്ച വിവാദത്തിൽ പാര്‍ട്ടിക്കകത്തെ പൊട്ടിത്തെറികൾ പലവിധത്തിൽ പുറത്ത് വരുന്നത് പക്ഷെ പ്രതിപക്ഷത്തും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.