
തൃശ്ശൂര്‍: ചാവക്കാട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തല്ലിച്ചതച്ചു. ചാവക്കാട് : ഗവ. ഹൈസ്കൂളിലാണ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റത്. സര്‍ക്കാര്‍ ഷൂ ധരിച്ചെത്തിയെന്നാരോപിച്ചാണ് പ്ലസ് വൺ വിദ്യാർഥിയായ ഗുരുവായൂർ മാണിക്കത്തുപടി തൈക്കണ്ടിപറമ്പിൽ ഫിറോസിന്റെ മകൻ ഫയാസി (17)ന് പ്ളസ്‌ടുക്കാരുടെ മർദ്ദനം. ആക്രമണത്തില്‍ മുഖത്തും വാരിയെല്ലിനും സാരമായി പരിക്കേറ്റ ഫയാസിനെ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച പന്ത്രണ്ടരയോടെ ക്ലാസ് കഴിഞ്ഞ് ഫയാസ് മുതുവട്ടൂർ ബസ് സ്‌റ്റോപ്പിൽ നിൽക്കുമ്പോഴായിരുന്നു സീനിയര്‍ വിദ്യാർഥികൾ മർദിച്ചതെന്ന് ബന്ധുക്കള്‍ പഞ്ഞു. ഫയാസ് ഷൂ ധരിച്ചെത്തിയതിനെച്ചൊല്ലി തിങ്കളാഴ്ച പ്ലസ്ടുവിലുള്ള ചില വിദ്യാർഥികളുമായി തർക്കം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് പിറ്റേദിവസം ബസ്റ്റോപ്പില്‍ വച്ച് തടഞ്ഞ് നിര്‍ത്തിയുള്ള മര്‍ദ്ദനമെന്ന് ഫയാസിന്റെ ബന്ധുക്കൾ പറഞ്ഞു. ഡിസ്‌കിന് തകരാർ സംഭവിച്ച് വർഷങ്ങളോളം ചികിത്സയിലായിരുന്ന ഫയാസിനെ ആരോഗ്യാവസ്ഥ പോലും പരിഗണിക്കാതെയാണ് കുട്ടികള്‍ മര്‍ദ്ദിച്ചത്.
സംഭവത്തില്‍ ഫയാസിന്‍റെ മാതാപിതാക്കള്‍ സ്കൂള്‍ അധികൃതര്‍ക്കും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാരായ വിദ്യാർഥികളുടെ പേരിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പി.ടി.എ. പ്രസിഡന്റ് പറഞ്ഞു. അധികൃതര്‍ സംഭവം പൊലീസിൽ അറിയിച്ചിട്ടുണ്ട്. ഗുരുവായൂർ ടെമ്പിൾ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്‌കൂൾ അധികൃതർ കൂടി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ റാഗിങ് പ്രകാരം കേസെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്ന് ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷന്‍ ഓഫിസര്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam