
തിരുവനന്തപുരം: വെള്ളറട മണ്ഡപത്തിന്‍ കടവ് പാലത്തിൽ നിന്നും ചാടി പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലത്തിലൂടെ സഞ്ചരിച്ചവർ കണ്ടതോടെ നാട്ടുകാര്‍ ചേര്‍ന്നു കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പരീക്ഷാപ്പേടി കൊണ്ടാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരത്തെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ഇന്ന് രാവിലെ മണ്ഡപത്തിന്‍ കടവ് പാലത്തിലെ കൈവരിയുടെ മുകളില്‍ നിന്ന് കയറി ചാടിയത്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന സമയമായത് കൊണ്ടും, യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടതുകൊണ്ടും നാട്ടുകാര്‍ വേഗത്തില്‍ ആഴം കൂടിയ വെള്ളച്ചാട്ടത്തില്‍ ചാടിയിറങ്ങി കുട്ടിയെ രക്ഷിക്കുകയായിരുന്നു.
കരക്കെടുക്കുമ്പോള്‍ വിദ്യാര്‍ഥിനി അവശനിലയിലായിരുന്നു. തുടര്‍ന്ന് കുട്ടിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ആര്യങ്കോടില്‍ നിന്ന് ബസ് കയറിയ കുട്ടി സ്കൂളിനടുത്ത് ഇറങ്ങാതെ മണ്ഡപത്തിന്‍കടവ് ജങ്ഷനില്‍ എത്തിയാണ് നെയ്യാർ റിസർവോയറിന്‍റെ ഭാഗമായ പുഴയിലേക്ക് ചാടിയത്. വെള്ളം നന്നേ കൂടുതലും ആഴമുള്ള സ്ഥലത്തുമാണ് കുട്ടി ചാടിയതെങ്കിലും നാട്ടുകാരുടെ അവസരോചിത ഇടപെടല്‍ കൊണ്ട് കാര്യമായ അപകടമില്ലാതെ രക്ഷപെടുകയായിരുന്നു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam