
അങ്കമാലി: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. അങ്കമാലി തുറവൂർ കിടങ്ങൂർ പാലമറ്റം വീട്ടിൽ ഷിജോ ജോസ് (40), അങ്കമാലി കിടങ്ങൂർ കിങ്ങിണിമറ്റം സുരേഷ് (45), തുറവൂർ പയ്യപ്പിള്ളി വീട്ടിൽ റോണി (40) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
2025 ഒക്ടോബറിലായിരുന്നു സംഭവം. തുറവൂർ ഭാഗത്തുള്ള സഹകരണ ബാങ്കിൽ ഏഴ് വ്യാജ സ്വർണ വളകൾ പണയം വച്ച് നാല് ലക്ഷത്തി ഇരുപതിനായിരം രൂപയാണ് തട്ടിയെടുത്തത്. ഷിജോയാണ് വളകൾ പണയം വെച്ചത്. റോണി, സുരേഷ് എന്നിവരാണ് പണയം വെക്കുന്നതിനായി വളകൾ നൽകിയത്.
അങ്കമാലി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് റോണിയും സുരേഷും. റോണിക്കെതിരെ അങ്കമാലി പൊലീസ് സ്റ്റേഷനിൽ ഏഴ് കേസുകൾ നിലവിലുണ്ട്. അങ്കമാലി, കൊരട്ടി, തൃക്കാക്കര, കാലടി, ചെങ്ങമനാട് എന്നീ പൊലീസ് സ്റ്റേഷനുകളിലെ 15 കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് സുരേഷ്.
ഷിജോയ്ക്കെതിരെ അങ്കമാലി പൊലീസ് സ്റ്റേഷനിൽ മറ്റ് രണ്ട് കേസുകൾ നിലവിലുണ്ട്. അന്വേഷണ സംഘത്തിൽ എസ്ഐ ജോജോ, എഎസ്ഐമാരായ അജിത്ത്, രാജീവ്, എസ്‍സിപിഒ വിനോദ്, സിപിഒമാരായ മിഥുൻ, ലിൻസൺ എന്നിവരാണ് ഉണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam