
തിരുവനന്തപുരം: വിഴിഞ്ഞം ടൗൺഷിപ്പിൽ കത്തിയുമായി യുവാവിന്റെ പരാക്രമം. സെയിൽസ്മാനെ കഴുത്തിൽ കുത്തുകയും മറ്റൊരാളെ കല്ലു കൊണ്ട് എറിയുകയും ബൈക്ക് യാത്രികനായ യുവാവിന്റെ കഴുത്തിൽ കത്തി വച്ച് ബൈക്ക് തട്ടിയെടുക്കുകയും ചെയ്തു. പ്രദേശവാസിയായ ഖബീബ് ഖാൻ (28) ആണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന കാരോട് സ്വദേശി ജഗദീഷ് (34) ന്റെ കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. നീ വിഴിഞ്ഞം പൊലീസ് എസ്.ഐ വിനോദിന്റെ അനുജനാണോ? അതുപോലെയുണ്ടല്ലോ എന്ന് പറഞ്ഞാണ് ജഗദീഷിനെ കുത്തിയത്. തുടർന്ന് അക്രമി സമീപത്തെ ക്ഷേത്രത്തിന്റെ സിസിടിവി ക്യാമറകൾ എറിഞ്ഞ് തകർത്തു. ചോദിക്കാനെത്തിയ ക്ഷേത്രഭാരവാഹിയായ ശിവൻകുട്ടിയെ തലയ്ക്ക് ചുടുകല്ലു കൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിച്ചു. തുടർന്ന് ഇയാളുടെ ബൈക്കുമായി പോയി.
ബൈക്ക് ഉപേക്ഷിച്ച ശേഷം മറ്റൊരു ബൈക്ക് യാത്രക്കാരനായ അനന്തുവിനെ തടഞ്ഞുനിർത്തി കഴുത്തിൽ കത്തി വച്ച് വധഭീഷണി മുഴക്കിയ ശേഷം ബൈക്കുമായി രക്ഷപ്പെട്ടു. ഈ ബൈക്ക് പിന്നീട് പ്രദേശത്തെ ഓടയുടെ സൈഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവമറിഞ്ഞ് എത്തിയ വിഴിഞ്ഞം എസ്.ഐ. ജി. വിനോദിന്റെ നേതൃത്വത്തിൽ പ്രതിയുടെ ഒളിത്താവളം വളഞ്ഞ് ഓടിച്ചിട്ട് മൽപ്പിടിത്തത്തിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam