
ആലപ്പുഴ: ധനകാര്യസ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഒരാളെ കനകക്കുന്ന് പൊലീസ് (Police) അറസ്റ്റ് ചെയ്തു. തിരുവനന്തപുരം (Thiruvananthapuram) ആറ്റുകാൽ മണക്കാട് ശിവനന്ദ ഭവനം( വൈകുണ്ഠം) വീട്ടിൽ കൃഷ്ണകുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. മുതുകുളത്തെ കെ ആർ ഫൈനാൻസിയേഴ്സ് എന്ന ധനകാര്യസ്ഥാപനത്തിൽ പരിചയം നടിച്ച് എത്തിയ കൃഷ്ണകുമാർ വള പണയംവച്ച് 75,000 രൂപയോളം കൈപ്പറ്റി.
സംശയം തോന്നിയ ഫൈനാൻസ് ജീവനക്കാർ ഇയാൾ കൊണ്ടുവന്ന ആഭരണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടം ആണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ഇയാൾ സ്ഥാപനത്തിൽനിന്ന് കടന്നു കഴിഞ്ഞിരുന്നു. തുടർന്ന് ഫൈനാൻസ് ജീവനക്കാർ കനകക്കുന്ന് പൊലീസിൽ പരാതി. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധിച്ചതിലൂടെ ഇയാൾ വന്ന വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.
വാഹനത്തിന്റെ രജിസ്ട്രേഷനിൽ നൽകിയ മൊബൈൽ നമ്പർ മറ്റൊരാളുടെ ആയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതി കൃഷ്ണകുമാർ തിരുവനന്തപുരത്ത് ഒരു ലോഡ്ജ് നടത്തുന്നതായി അറിഞ്ഞു. ഇവിടെ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് കൃഷ്ണകുമാർ താമസിക്കുന്ന വീട്ടിലെത്തി പൊലീസ് അതിസാഹസികമായി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
ഇയാൾക്കെതിരെ തമിഴ്നാട് കൊല്ലംകോട്, തിരുവനന്തപുരം ജില്ലയിലെ വെള്ളറഡ എന്നീ സ്റ്റേഷനുകളിലും സമാനമായ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എസ് പി ജയദേവ് ഐപിഎസിൻ്റെ നിർദേശപ്രകാരം കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ എസ്ച്ച്ഓ വി ജയകുമാർ, എസ് ഐമാരായ ഷാജഹാൻ, ബൈജു, സി പി ഒമാരായ ജിതേഷ്, സബീഷ്, അനീഷ് കുമാർ, ആനീസ് ബഷീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam