
തിരുവനന്തപുരം: ആറ്റിങ്ങലില്‍ അശ്ലീലരീതിയില്‍ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പാന്‍റിന് മുകളില്‍ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചെത്തിയ യുവാവിനെതിരെ നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കാരേറ്റ് തളിക്കുഴി സ്വദേശി അര്‍ജുൻ, മുതുവിള സ്വദേശി ഷെമീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവം ഇങ്ങനെ
കാരേറ്റ് തളിക്കുഴി സ്വദേശി അര്‍ജുനാണ് പാന്‍റിന് മുകളില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം ധരിച്ച് എത്തിയത്. അടിവസ്ത്രം പാന്‍റിന് മുകളിലിട്ട് ആറ്റിങ്ങല്‍ അങ്ങാടിയില്‍ കറങ്ങി നടന്നായിരുന്നു പ്രാങ്ക് വീഡിയോ ഷൂട്ട് ചെയ്തത്. ബസ് സ്റ്റാന്‍ഡ് പരിസരത്തും ആളുകൂടുന്നയിടത്തുമെല്ലാം നിന്ന് വീഡിയോ ചിത്രീകരണം തുടരുകയായിരുന്നു. എന്നാൽ കുറച്ച് കഴിഞ്ഞതോടെ നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു. നാട്ടുകാരുടെ പരാതിക്ക് പിന്നാലെ പൊലീസ് എത്തിയപ്പോൾ, പൊലീസിന് മുന്നിലും യാതോരു കൂസലുമില്ലാതെ അര്‍ജുന്‍ നടക്കുകയായിരുന്നു. പൊലസ് ചോദ്യം ചെയ്തപ്പോഴാണ് പ്രാങ്ക് വീഡിയോയുടെ ചിത്രീകരണമാണെന്നും തൊട്ടടുത്തുള്ള കാറിലിരുന്ന് സുഹൃത്ത് ഇവ ചിത്രീകരിക്കുന്നുണ്ടെന്നും അർജുൻ പറഞ്ഞത്. ഇതോടെ സുഹൃത്തിനെയും പൊലീസ് പൊക്കി. പിന്നാലെ അർജുനെയും മുതുവിള സ്വദേശിയായ സുഹൃത്ത് ഷെമീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പാന്‍റിന് മുകളില്‍ ധരിച്ച അടിവസ്ത്രം ഊരിച്ച ശേഷമാണ് അര്‍ജുനെയും ഷമീറിനെയും പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചത്. ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്.
അതേസമയം തിരുവനന്തപുരത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത മംഗലപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം നടന്നു എന്നതാണ്. മൂന്നു പേരെ കുത്തി പരിക്കേൽപ്പിച്ച ഗുണ്ടാസംഘത്തിന്‍റെ ആക്രമണം ക്വട്ടേഷനാണെന്നും വ്യക്തമായിട്ടുണ്ട്. കളിക്കളത്തിലെ തർക്കത്തിനും കയ്യാങ്കളിക്കും പിന്നാലെ 15 കാരനാണ് ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് കണ്ടെത്തി. ക്വട്ടേഷൻ നൽകിയ വിദ്യാർത്ഥി ഉള്‍പ്പെടെ മൂന്നുപേരെ മംഗലപുരം പൊലിസ് അറസ്റ്റ് ചെയ്തു. ഷെഹിൻ, അഷറഫ്, പതിനഞ്ചുകാരൻ എന്നിവരെയാണ് രാത്രിയിൽ മംഗലപുരം ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam