
ആലപ്പുഴ: പൊലീസുകാരന് പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റു. വധശ്രമം അറിഞ്ഞ് പ്രതിയെ പിടികൂടാൻ പോയ സൗത്ത് സ്റ്റേഷൻ സി.പി.ഒ. സജേഷിനാണ് പരിക്കേറ്റത്. ഇരു കൈകളിലുമായി 24 ഓളം തുന്നലുകളാണ് സജേഷിനുള്ളത്. ഇദ്ദേഹം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ പൊലീസ് പിടികൂടി. തിങ്കളാഴ്ചരാത്രി പത്തുമണിയോടടുത്ത് വലിയചുടുകാടിനു തെക്കുഭാഗത്താണു സംഭവം. രാത്രി എട്ടോടെ കൃഷ്ണനിവാസിൽ ജീവൻകുമാറിന്റെ വീട്ടിൽ ലിനോജ്, കപിൽ ഷാജി എന്നിവർ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയതാണ് സംഭവങ്ങളുടെ തുടക്കം. ജീവൻകുമാറിന്റെ ഇളയമകനെ അന്വേഷിച്ചാണ് ഇവർ എത്തിയത്. ഇളയമകനെ കിട്ടാതെവന്നതോടെ കൈയിലുണ്ടായിരുന്ന ആയുധം വീശിയപ്പോൾ ജീവൻകുമാറിനും മൂത്തമകനും പരിക്കേറ്റു.
വിവരമറിഞ്ഞ് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽനിന്നും കൺട്രോൾ റൂമിൽനിന്നും പൊലീസുകാർ സ്ഥലത്തെത്തിയെങ്കിലും പ്രതികളെ കിട്ടിയില്ല. അപ്പോൾ പെയ്ത മഴയും വൈദ്യുതി പോയതും തിരച്ചിലിനെ ബാധിച്ചു. മഴമാറി വീണ്ടും പരിശോധിച്ചപ്പോൾ പ്രതികളിലൊരാളായ ലിനോജിനെ കണ്ടെത്തി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കയ്യിൽ കരുതിയുരുന്ന വാളുകൊണ്ട് വെട്ടുകയായിരുന്നു. ലിനോജിനെ സൗത്ത് സിഐയുടെ നേതൃത്വത്തിൽ ബലം പ്രയോഗിച്ച് പിടികൂടി. മറ്റൊരു പ്രതി കപിൽ ഷാജിക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ബലപ്രയോഗത്തിനിടെ സിഐക്കും പരിക്കേറ്റു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam