
ചാരുംമൂട്: മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യുഐ ഗ്രൂപ്പ് ഓഫ് കമ്പനിയിൽ ജോലിയും സ്ഥിരവരുമാനവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു(Job fraud). ക്യുനെറ്റ് ഓൺലൈൻ മാർക്കറ്റിങ്(Q Net online marketing) എന്ന പേരിലാണ് പണം തട്ടിയത്. മാവേലിക്കര(mavelikkara) മേഖലയിൽ നിന്നും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ കുറത്തികാട് പൊലീസ് കേസെടുത്തു(Police case). മാവേലിക്കര സ്വദേശികളായ കലേഷ്, ഭാര്യ ലക്ഷ്മി, നൂറനാട് സ്വദേശി തുഷൈൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ഇവര്‍ക്കെതിരെ അഞ്ച് പേർ കഴിഞ്ഞ ദിവസം കുറത്തികാട് പൊലീസിൽ പരാതി നൽകിയിരുന്നു. 1.27ലക്ഷം രൂപ മുടക്കുന്നവർക്ക് മൂന്ന് വർഷംകൊണ്ട് ഒന്നരക്കോടിയോളം രൂപ വരുമാനമായി ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 1.27ലക്ഷം രൂപ മുതൽ നാലരലക്ഷം രൂപ വരെ നൽകിയവരുണ്ട്. കൊട്ടാരക്കര സ്വദേശിയായ യുവതി 1.69 ലക്ഷം രൂപയും കുറത്തികാട് സ്വദേശിയായ യുവതിയും ചുനക്കര സ്വദേശിയായ യുവാവും 1.27 ലക്ഷം രൂപ വീതം നൽകിയതായി പരാതിയിലുണ്ട്.
ഇടക്കുന്നം സ്വദേശിയായ യുവാവ് 1.27 ലക്ഷം രൂപയും നൂറനാട് സ്വദേശിയായ യുവതി നാലരലക്ഷം രൂപയും നൽകിയതായി പരാതികളിൽ പറയുന്നു. കുറത്തികാട് സ്വദേശിനിയായ യുവതിക്ക് സംശയം തോന്നിയതിനാൽ പണം തിരികെ ആവശ്യപ്പെട്ടു. പണത്തിന് പകരം വജ്രം കൊണ്ടുള്ള നെക്ലേസ് എന്ന വ്യാജേന കല്ലുകൾ പതിപ്പിച്ച ഒരു നെക്ലേസ് നൽകുകയായിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുണ്ട്.
മലേഷ്യ, ഹോങ്കോങ് എന്നീ രാജ്യങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ് ക്യൂ നെറ്റ്. റെന്റ് എ കാർ, ഹോളിഡെ പാക്കേജ് തുടങ്ങിയ സേവനങ്ങളും ആരോഗ്യ, സൗന്ദര്യവർധക വസ്തുക്കൾ ഉൾപ്പടെ വിവിധ തരം ഉത്പന്നങ്ങൾ വിൽക്കുന്ന കമ്പനിയാണെന്ന് പറഞ്ഞാണ് നിക്ഷേപകരെ കബളിപ്പിച്ചത്. കമ്പനിയുടെ പേര്, ക്യൂ-നെറ്റ് എന്നും ക്യു-ഐ എന്നെുമൊക്കെ വ്യത്യസ്തമായി പറയുന്നുണ്ട്.
വിവിധ കാലയളവിൽ നിക്ഷേപകന് നിക്ഷേപ സംഖ്യയും ലാഭവും തിരിച്ചുകിട്ടുമെന്നാണ് തട്ടിപ്പുസംഘത്തിന്റെ വാഗ്ദാനം. മാസങ്ങൾ കഴിഞ്ഞിട്ടും പണത്തെക്കുറിച്ച് ചോദിക്കുമ്പോൾ ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാർ പറയുന്നു. പ്രതികൾക്കായി കുറത്തികാട് പൊലീസ് അന്വേഷണം തുടങ്ങി. സംസ്ഥാനത്താകെ പലരുടെ നേതൃത്വത്തിൽ സമാനമായി കോടികളുടെ തട്ടിപ്പ് നടന്നു വന്നതായി മുഖ്യമന്ത്രിക്കും പരാതി ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam