
പാലക്കാട്: ഒറ്റപ്പാലത്ത് കര്‍ഷകനോട് അജ്ഞാതരുടെ ക്രൂരത. ഒറ്റപ്പാലം കല്ലുവഴിയിൽ വയലിലെ വാഴയും കവുങ്ങിൻ തൈകളും വെട്ടി നശിപ്പിച്ചു. തിരുവാഴിയോട് മലപ്പുറം വീട്ടിൽ പ്രമോദിന്റെ കൃഷിയാണ് നശിപ്പിച്ചത്. ആലുങ്കുളം പാടശേഖരത്തിലെ ഒന്നര ഏക്കർ സ്ഥലത്ത് വാഴയും കവുങ്ങിൻ തൈകളുമാണ് പ്രമോദ് നട്ടുവളര്‍ത്തിയത്.
സ്ഥലത്ത് 1100 വാഴകളും 300 ലേറെ കവുങ്ങിൻ തൈകളുമാണ് വെച്ചിരുന്നത്. ഇതിൽ 500 വാഴകളും 300 കവുങ്ങിൻ തൈകളുമാണ് നശിപ്പിച്ചിട്ടുള്ളത്. അഞ്ച് മാസം പ്രായമായ വാഴകൾ അടുത്ത മാസത്തോടെ കുല നാമ്പെടുക്കാൻ തക്കവണ്ണം വളര്‍ച്ചയെത്തിയതായിരുന്നു. വാഴകൾ വെട്ടിയിട്ടപ്പോൾ കവുങ്ങിൻ തൈകൾ പിഴുതെടുത്താണ് നശിപ്പിച്ചിട്ടുള്ളത്.
ഇന്ന് രാവിലെ തൊഴിലാളികളുമായി കൃഷിയിടം നനയ്ക്കാൻ എത്തിയപ്പോഴാണ് സംഭവം പ്രമോദിന്റെ ശ്രദ്ധയിൽപ്പെടുന്നത്. നിരാശയും സങ്കടവും കൊണ്ട് തകര്‍ന്ന പ്രമോദിനെ തൊഴിലാളികൾ ആശ്വസിപ്പിച്ചു. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തി. പിന്നീട് പ്രമോദ് പാലക്കാട് ശ്രീകൃഷ്ണപുരം പോലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആരാണ് ഈ ക്രൂരത കാട്ടിയതെന്ന് വ്യക്തമായിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam