
വടക്കഞ്ചേരി: ദേശീയപാതയിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിക്കുന്ന അഞ്ചംഗ സംഘം പിടിയിൽ. ലോറിയിൽ ഉണ്ടായിരുന്ന പ്രതികൾ പൊലീസ് വാഹനത്തേയും ഇടിച്ച് നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിൻതുടർന്ന് പിടി കൂടി. പുലർച്ചെ രണ്ടു മണിയ്ക്കാണ് സംഭവം. ദേശീയപാതയിൽ പട്രോളിംഗിന് ഇറങ്ങിയതായിരുന്നു വടക്കഞ്ചേരി പൊലീസ്.
കഴിഞ്ഞ ഓഴ്ച്ചയായി റോഡിൽ നിര്‍ത്തിയിട്ട വാഹനങ്ങളിൽ നിന്നും ഒരു സംഘം ഡീസൽ മോഷ്ടിക്കുന്നു എന്ന വ്യാപക പരാതി ഉണ്ടായിരുന്നു. വാളയാർ മുതൽ വാഹനത്തെ പിടികൂടാൻ അവിടത്തെ പൊലീസ് ശ്രമിച്ചിരുന്നു. വാളയാറിൽ നിന്ന് വിവിധ സ്റ്റേഷനുകളിലേക്ക് അറിയിപ്പ് പോയി. പ്രതികൾ സഞ്ചരിച്ച യുപി രജിസ്ട്രേഷനിലുള്ള ലോറിയ്ക്കു കൈകാണിച്ചെങ്കിലും പൊലീസ് വാഹനത്തേയും ഇടിച്ചിട്ട് സംഘം നിർത്താതെ പോയി. പന്നിയങ്കര ടോൾ പ്ലാസയിലെ ഗേറ്റും ഇടിച്ച് തകർത്തായിരുന്നു പോക്ക്.
പിൻതുടർന്ന് വടക്കഞ്ചേരി പൊലീസ് പിടിച്ചു. ഇറങ്ങി ഓടിയ അഞ്ചു പേരെയും പൊലീസ് വാണിയം പാറയിൽ വെച്ച് ഓടിച്ചിട്ട് പിടിച്ചു. ഇവർ സ്ഥിരമായി നിർത്തിയിട്ട വണ്ടികളിൽ നിന്ന് ഇന്ധനം മോഷ്ടിക്കുന്നവരാണ്. ഇവരുടെ വാഹനത്തിൽ ഇതിനായി വലത് ഭാഗത്തായി പ്രത്യേകം സജ്ജീകരിച്ച ടാങ്കുകളും മോട്ടറുകളും ഉണ്ട്. വാഹനത്തിൽ നിന്നും മാരകായുധങ്ങളും കണ്ടെത്തി. പ്രതികൾക്ക് പിന്നിൽ കൂടുതൽ ആളുകളുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.