
തൃശൂർ: തൃശൂർ പുതുക്കാട് എ.ടി.എം. സെന്ററിൽ കട്ടർ ഉപയോഗിച്ച് മോഷണം നടത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലൂർ കോട്ടായി ആഴ്ചങ്ങാടൻ വീട്ടിൽ ജിതിൻ (30) ആണ് പിടിയിലായത്. ഒക്ടോബർ 30-ന് പുലർച്ചെ നടന്ന കവർച്ചാശ്രമത്തിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ദിവസങ്ങൾക്കുള്ളിൽ പ്രതിയെ വലയിലാക്കാൻ പോലീസിന് കഴിഞ്ഞു. കട്ടർ ഉപയോഗിച്ച് മോഷണം നടത്താനുള്ള പ്രതിയുടെ പരിചയക്കുറവാണ് കേസന്വേഷണത്തിൽ പോലീസിന് നിർണ്ണായക വഴിത്തിരിവായത്.
ആർഭാട ജീവിതത്തിലൂടെ കുറ്റകൃത്യത്തിലേക്ക് എത്തിയ ജിതിന്റെ വൈദഗ്ദ്ധ്യമില്ലായ്മ പോലീസ് അന്വേഷണത്തിന് വലിയ തുണയായി. യൂബർ ടാക്സി ഡ്രൈവറായ ജിതിൻ ലോൺ ആപ്പ് വഴിയും നാട്ടിലെ ചിലരിൽ നിന്ന് പലിശയ്ക്കും പണമെടുത്ത് ധൂർത്തടിക്കുകയായിരുന്നു. ഇതിലൂടെയുണ്ടായ വലിയ സാമ്പത്തിക ബാധ്യത തീർക്കാനാണ് ഇയാൾ മോഷണശ്രമം നടത്തിയത്. സോഷ്യൽ മീഡിയയിൽ സമാനമായ മോഷണ രീതികൾ പരിശോധിച്ച ശേഷമാണ് ജിതിൻ പദ്ധതി ആസൂത്രണം ചെയ്തത്. കൂടുതൽ എ.ടി.എമ്മുകളിൽ മോഷണം നടത്താനും ഇയാൾ പദ്ധതിയിട്ടിരുന്നു. കൃത്യത്തിന് മൂന്ന് ദിവസം മുൻപ് ഈ എ.ടി.എം. സെന്ററിൽ നിന്നും ഇയാൾ പണം പിൻവലിച്ചിരുന്നു.
സംഭവ ദിവസം പ്രതി സഞ്ചരിച്ച കാർ എതിർവശത്തെ പഞ്ചായത്ത് ഓഫീസിന് സമീപം നിർത്തിയിട്ട ശേഷം വസ്ത്രം മാറി, ഹെൽമെറ്റും മാസ്കും ധരിച്ചാണ് എ.ടി.എം. സെന്ററിൽ എത്തിയത്. സെന്ററിനകത്തുള്ള ക്യാമറകളിലും കൗണ്ടറിലെ നിരീക്ഷണ ക്യാമറകളിലും സ്പ്രേ ചെയ്ത ശേഷമാണ് കവർച്ചാശ്രമം നടത്തിയത്. എന്നാൽ എ.ടി.എം. മെഷീൻ മുറിക്കാനുള്ള ശ്രമത്തിനിടെ കട്ടറിലെ രണ്ട് ബ്ലെയ്ഡ് ഒടിഞ്ഞതോടെ മോഷണശ്രമം ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. ആദ്യം തെളിവുകളൊന്നുമില്ലാതിരുന്ന കേസിൽ ആറ് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തിയത്.
സംസ്ഥാനത്തെ എ.ടി.എം. മോഷ്ടാക്കളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണത്തിന്റെ തുടക്കം. ഇത്തരത്തിലുള്ള ഏഴുപേർ ജില്ലയിലുണ്ടായിരുന്നു. എന്നാൽ കട്ടർ ഉപയോഗിക്കുന്നതിലെ പരിചയക്കുറവ് കാരണം പ്രതി പ്രൊഫഷണൽ മോഷ്ടാവല്ല എന്ന് പോലീസ് മനസ്സിലാക്കി. പുതുക്കാട് ദേശീയപാതയോരത്തെ എ.ടി.എം. കൗണ്ടറിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ ദിവസങ്ങളോളം പരിശോധിച്ചതിലൂടെയാണ് പോലീസ് പ്രതിയിലേക്ക് എത്തിച്ചേർന്നത്. പുതുക്കാട് പോലീസിനൊപ്പം ഡാൻസാഫ് (DANSAF), ഷാഡോ പോലീസ് എന്നിവരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയതെന്ന് ചാലക്കുടി ഡിവൈ.എസ്.പി. ജെ. കുരിയാക്കോസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam