
അരൂർ: ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിന്റെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികതകളില്ലെന്ന് പൊലീസ് വ്യക്തമാക്കി. അരൂർ രാഹുൽ നിവാസിൽ കെ കെ രമേശന്റെ മരണം തലയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. താഴേക്ക് വീണപ്പോൾ അടുക്കളയിലുണ്ടായിരുന്ന ചിരവയിൽ തലയിടിച്ചതാണ് മരണ കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്തെ പരിശോധനയിൽ ചിരവയിൽ നിന്ന് രമേശന്റെ തലമുടി കണ്ടെത്തിയിരുന്നു.
ശനിയാഴ്ച രാവിലെയാണ് രമേശനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ അയൽവാസി കണ്ടെത്തിയത്. മകൾ ഫോൺ വിളിച്ച് അച്ഛനെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് അയൽവാസി വീട്ടിലെത്തി പരിശോധിച്ചത്. തലയ്ക്ക് പിന്നിലുണ്ടായിരുന്ന മുറിവും സമീപത്ത് രക്തം തളംകെട്ടിക്കിടന്നതും സംശയത്തിനിടയാക്കിയെങ്കിലും, പ്രാഥമിക അന്വേഷണത്തിൽ തന്നെ രമേശൻ ധരിച്ചിരുന്ന സ്വർണ മാല ഉൾപ്പെടെ വീട്ടിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഫൊറൻസിക് വിദഗ്ധരുടെ ശാസ്ത്രീയ പരിശോധനയും വണ്ടാനം മെഡിക്കൽ കോളേജിൽ പോലീസ് സർജന്റെ പോസ്റ്റ്മോർട്ടവും നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് തലക്കേറ്റ പരിക്ക് ആക്രമണത്തെ തുടർന്ന് അല്ലെന്നും, വീഴ്ചയിൽ ഉണ്ടായ മുറിവാണ് മരണത്തിലേക്ക് നയിച്ചതെന്നും സ്ഥിരീകരിച്ചത്. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി കുമ്പളം ശാന്തിഭൂമിയിൽ സംസ്കരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam