
കൂത്താട്ടുകുളം: വിദേശത്ത് നിന്ന് നാട്ടിലെത്തുന്ന മകളെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ട് വരാനായി യാത്രതിരിച്ച പിതാവ് നിയന്ത്രണം വിട്ട കാറിടിച്ച് മരിച്ചു. മരങ്ങാട്ടുപള്ളി (കുര്യനാട്) മുളയോലിക്കൽ സ്വദേശി സണ്ണി ജോൺ (64) ആണ് മരിച്ചത്. ദേവമാത ആശുപത്രിക്ക് സമീപത്ത് റോഡരികിൽ വാഹനം പാർക്ക് ചെയ്ത് ബന്ധുവിനെ കാണാനായി ആശുപത്രിയിലേക്ക് നടക്കുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ടെത്തിയ കാർ സണ്ണി ജോണിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആശുപത്രി മതിൽ കടന്ന് താഴെയുള്ള ആശുപത്രി മുറ്റത്തേക്ക് തെറിച്ച് വീണ സണ്ണിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദിൽ നഴ്‌സായി ജോലി ചെയ്യുന്ന മൂത്ത മകൾ ആന്റിയാ സണ്ണിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് സ്വീകരിക്കാനായി കുടുംബത്തോടൊപ്പം പോകുന്നതിനിടെയായിരുന്നു സംഭവം. വിവാഹത്തിനായായിരുന്നു ആന്റിയ നാട്ടിലേക്ക് വരുന്നത്.
യാത്രാമധ്യേ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ ദേവമാത ആശുപത്രിയിൽ കയറിയുകയായിരുന്നു. ഭാര്യയുടെയും ബന്ധുക്കളുടെയും കൺമുന്നിലായിരുന്നു അപകടം നടന്നത്. അപകടത്തിൽ നിയന്ത്രണംവിട്ട കാറിലുണ്ടായിരുന്ന പൈക വിളക്കുമാടം പുത്തൻപുരയിൽ പ്രിൻസ് (31), രണ്ടാമത്തെ കാറിന്റെ ഡ്രൈവർ തിടനാട് അരിമറ്റത്തിൽ ജോർജുകുട്ടി സെബാസ്റ്റ്യൻ (45) എന്നിവർക്ക് പരിക്കേറ്റു. കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറിയും മുൻ മണ്ഡലം പ്രസിഡന്റുമായിരുന്ന സണ്ണി ജോണിന്റെ ഭാര്യ ബിൽസിയാണ്. മക്കൾ: ആന്റിയാ സണ്ണി, അൽജോ സണ്ണി, അനിത സണ്ണി (മംഗളൂരു നഴ്‌സിങ് കോളേജ്). സംസ്കാരം പിന്നീട് നടത്തും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam