
തിരുവനന്തപുരം: തലസ്ഥാനത്തെ ക്ഷേത്രങ്ങളിൽ രാത്രികാലങ്ങളിൽ മോഷണം റിപ്പോർട്ട് ചെയ്തു തുടങ്ങിയതിന് പിന്നാലെ കാട്ടാക്കട ജംഗ്ഷനിലെ മുടിപ്പുര ക്ഷേത്രത്തിനോട് ചേർന്ന കെട്ടിടത്തിൽ കവർച്ചാശ്രമം. കെട്ടിടത്തിന്റെ പിന്നിലെ ഭിത്തി കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുരന്ന നിലയിലാണ്. ക്ഷേത്ര വളപ്പിലെ ഊട്ടുപുരയ്ക്കും ഭജന പുരയ്ക്കും ഉള്ളിൽ കടന്നായിരുന്നു കഴിഞ്ഞ ദിവസം പുലർച്ചെ മോഷണശ്രമം നടന്നത്. ക്ഷേത്ര ജീവനക്കാരനെ കണ്ടതോടെ കള്ളൻ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ജീവനക്കാർ പരിസരത്ത് അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നതായി കാട്ടാക്കട പൊലീസ് അറിയിച്ചു.
ജ്വല്ലറിയും ഫാൻസി സ്റ്റോറും ചേർന്നിരിക്കുന്ന ഭിത്തിയാണ് തുരന്നത്. ഒരടിയോളം പൊക്കത്തിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുരന്ന നിലയിലാണ്. എന്നാൽ മോഷണശ്രമമാണോയെന്ന് പറയാനാവില്ലെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ സിസിടിവികളിൽ നിന്നും ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ നഗരത്തിലും പരിസരങ്ങളിലുമായി മൂന്ന് ക്ഷേത്രങ്ങളിൽ കവർച്ച നടന്നിരുന്നു. ഇവയുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ച് പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ സംഭവമെന്നത് പൊലീസിന് തലവേദനയാകുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam