പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: ദേശീയപാതയിൽ ഗതാഗതം പുനസ്ഥാപിച്ചു, ഒരു മാവോയിസ്റ്റിന് ഗുരുതര പരിക്ക്

By Web TeamFirst Published Mar 6, 2019, 11:54 PM IST
Highlights

വെടിവയ്പ്പിൽ ഒരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റത് വേൽമുരുകനെന്നാണ് സൂചനകള്‍. റിസോർട്ടിലെ താമസക്കാരോടും ജീവനക്കാരോടും പുറത്തിറങ്ങരുതെന്ന് പോലീസ് നിര്‍ദേശിച്ചു.  സ്ഥലത്ത് വെടിവയ്പ്പ് തുടരുകയാണ്. 

വൈത്തിരി: മാവോയിസ്റ്റുകളുമായുള്ള വെടിവയ്പിനെ തുടര്‍ന്ന് തടഞ്ഞ  കോഴിക്കോട് വയനാട് ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിച്ചു . സ്ഥലത്ത് തണ്ടർബോൾട്ടിന്റെ കൂടുതൽ സംഘമെത്തി.  വെടിവയ്പ്പിൽ ഒരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റത് വേൽമുരുകനെന്നാണ് സൂചനകള്‍. റിസോർട്ടിലെ താമസക്കാരോടും ജീവനക്കാരോടും പുറത്തിറങ്ങരുതെന്ന് പോലീസ് നിര്‍ദേശിച്ചു.  സ്ഥലത്ത് വെടിവയ്പ്പ് തുടരുകയാണ്. 

വൈത്തിരിയില്‍ ദേശീയപാതയക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിനകത്താണ് വെടിവെപ്പ് നടക്കുന്നത്. ബുധനാഴ്ച്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെടുകയും ഇത് വാക്ക് തർക്കത്തിലെത്തുകയും ചെയ്തു. ഈ സമയം അവിടെ ഉണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ് കേരള പൊലീസിന്റെ സായുധസേനാ വിഭാ​ഗമായ തണ്ടർ ബോൾട്ടിനെ വിവരം അറിയിച്ചു. 

പിന്നാലെ തണ്ടർ ബോൾട്ട് സംഘം ഇവിടെയെത്തുകയും റിസോർട്ടിന് മുന്നിൽ  മാവോയിസ്റ്റുകളും തണ്ടർ ബോൾട്ട് സംഘവും തമ്മിൽ വെടിവെപ്പ് ആരംഭിക്കുകയുമായിരുന്നു. രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച വെടിവെപ്പ് ഇപ്പോഴും തുടരുന്നുവെന്നാണ് വിവരം. വെടിയേറ്റ മാവോയിസ്റ്റുകൾ റിസോർട്ടിന് പിറകിലെ കാട്ടിലേക്ക് ഓടിയതായും സൂചനയുണ്ട്. റിസോർട്ടിലെത്തിയ മാവോയിസ്റ്റുകൾ ഭക്ഷണവും പണവും ആവശ്യപ്പെട്ടുവെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. പിന്നാലെ പൊലീസ് സംഘം എത്തുകയും ഏറ്റുമുട്ടൽ ഉണ്ടാവുകയുമായിരുന്നെന്നും റിസോര്‍ട്ടിലുണ്ടായിരുന്നവര്‍ പറഞ്ഞു

click me!