
തൊടുപുഴ: അവധി ദിവസം കുടുംബത്തിനൊപ്പം വാഗമണിൽ ചെലവിട്ട് മടങ്ങിവരുമ്പോൾ പൊലീസുകാരനും കുടുംബവും കാറപകടത്തിൽപ്പെട്ടു. നാല് മാസം പ്രായമുള്ള കുഞ്ഞും അമ്മയും നഷ്ടമായി വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ. ഞായറാഴ്ച വൈകുന്നേരം തൊടുപുഴ മുട്ടം ശങ്കരപ്പിള്ളിയിലുണ്ടായ റോഡ് അപകടത്തിലാണ് വെങ്ങല്ലൂർ സ്വദേശിനിയായ ആമിന ബീവിയും കൊച്ചുമകൾ മിഷേൽ മറിയവും കൊല്ലപ്പെട്ടത്. 58കാരിയായ ആമിന ബീവിയുടെ മകനും വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ കെ.എസ് ഷാമോൻ ആയിരുന്നു അപകടത്തിൽപ്പെട്ട ഹോണ്ട കാർ ഓടിച്ചിരുന്നത്. അപകടത്തിൽ കെ എസ് ഷാമോൻ, ഭാര്യ ഹസീന, മകൾ ഇഷ എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്.
നിയന്ത്രണം വിട്ട കാർ റോഡരുകിൽ നിന്ന മരത്തിൽ ഇടിച്ച് തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. കുടുംബാംഗളൊന്നിച്ച് വാഗമൺ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വല്യമ്മയുടെയും കൊച്ചുമകളുടെയും ജീവൻ രക്ഷിക്കാനായില്ല. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല.