വീടിനുള്ളിൽ മരിച്ചുകിടന്നയാളുടെ ചിതയ്ക്ക് തീകൊളുത്തുന്നതിന് തൊട്ടുമുമ്പ് സംസ്കാരം തടഞ്ഞ് പൊലീസ്

By Web TeamFirst Published Oct 25, 2021, 4:23 PM IST
Highlights

 വീടിനുള്ളിൽ മരിച്ചു കിടന്ന യുവാവിനെ തിടുക്കത്തിൽ സംസ്ക്കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് എത്തി തടഞ്ഞു. 

ഇടുക്കി: വീടിനുള്ളിൽ മരിച്ചു കിടന്ന യുവാവിനെ തിടുക്കത്തിൽ സംസ്ക്കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് എത്തി തടഞ്ഞു. വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ ഇടനട്ട് സ്വദേശികളായ രാമസ്വാമി - വെള്ളയമ്മ ദമ്പതികളുടെ മകൻ സുബ്രമണ്യൻ (45) ൻ്റെ സംസ്കാരമാണ് ദേവികുളം എസ് ഐ ജോയി ജോസഫിൻ്റെ നേതൃത്വത്തിൽ തടഞ്ഞത്. 

മൃതദേഹം പരിശോധനകൾക്കായി അടിമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. പത്തു വർഷം മുൻപ് രോഗബാധയെ തുടർന്ന് ഭാര്യ ചന്ദ്ര മരിച്ച ശേഷം സുബ്രമണ്യൻ സഹോദരനൊപ്പം കുടുംബവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെയാണ് ഇയാളെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടത്. ഏറെ താമസിക്കാതെ തന്നെ മറ്റാരെയും അറിയിക്കാതെ ബന്ധുക്കൾ തിടുക്കത്തിൽ വീട് കഴുകിയ ശേഷം മൃതദേഹം കൊട്ടാക്കമ്പൂരിലെ പൊതുശ്മശാനത്തിലെത്തിച്ച് ദഹിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. 

സംഭവത്തിൽ സംശയം തോന്നിയ നാട്ടുകാർ വിവരം ദേവികുളം പോലീസിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ചിതയ്ക്ക് തീ കൊളുത്തുന്നതിന് മുൻപ് സംസ്കാരം തടഞ്ഞു. തുടർന്ന് പൊലീസ് ഗ്രാമത്തിലെ നേതാക്കന്മാർ, ബന്ധുക്കൾ എന്നിവരുമായി ചർച്ച നടത്തിയ ശേഷം മൃതദേഹം പരിശോധനകൾക്കായി അടിമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. 

അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിൻ്റെ പരിശോധന തിങ്കളാഴ്ച നടക്കും. മരിച്ച സുബ്രമണ്യൻ ഏറെ നാളായി അസുഖബാധിതനായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇയാൾക്ക് മക്കളില്ല.

click me!