
കോഴിക്കോട്: താമരശേരിയിൽ ഭാര്യയെ മർദിച്ച ഭർത്താവിനെതിരെ കേസെടുത്തു. താമരശേരി സ്വദേശി വിനീഷിനെതിരെ ആണ് കേസെടുത്തത്. ഭാര്യ ദിവ്യയുടെ ബ്യൂട്ടി പാർലറിന് സമീപം വെച്ച് ക്രൂരമായി മർദിച്ചുവെന്നും വധഭീഷണി മുഴക്കിയെന്നുമുള്ള പരാതിയിലാണ് നടപടി. പരാതി നൽകി ഒരാഴ്ചയ്ക്കു ശേഷമാണ് പൊലീസ് കേസെടുക്കുന്നത്. മർദന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
വിനീഷുമായുള്ള കുടുംബപ്രശ്നങ്ങളെ തുടർന്ന് ദിവ്യ രണ്ട് മക്കളുമായി മാറിത്താമസിച്ചു വരികയായിരുന്നു. ഇതിനിടെ ആണ് താമരശേരി പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ദിവ്യയുടെ ബ്യൂട്ടിപാർലറിന് മുന്നിൽവെച്ച് യുവതി മർദനത്തിനിരയായത്. മർദനം ചോദ്യംചെയ്ത യുവതിയുടെ അച്ഛൻ ഗോപാലനെ വിനീഷ് അപമാനിച്ചു വിട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെ ആണ് വിമുക്ത ഭടൻ കൂടിയായ ഗോപാലൻ റോഡിൽ കുഴഞ്ഞുവീണു മരിച്ചത്. തുടർന്നാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
വിനീഷ് മദ്യപിച്ചെത്തി മർദിക്കുന്നത് പതിവാണെന്ന് പരാതിയിൽ പറയുന്നുണ്ട്. വിനീഷ് ഒളിവിലാണെന്നാണ് പൊലീസ് കരുതുന്നത്. ഇയളെ കണ്ടെത്താനായിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam