പുതുവത്സര ആഘോഷം; കോവളത്ത് സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണവും ശക്തമാക്കി

By Web TeamFirst Published Dec 31, 2018, 5:06 PM IST
Highlights


വലിയ വാഹനങ്ങളെ തീരത്തേക്ക് കടത്തിവിടില്ല. ആദ്യമെത്തുന്ന ഇരുചക്ര വാഹനങ്ങൾക്ക് കോവളം പൊലിസ് സ്റ്റേഷൻ പരിസരത്ത് പാർക്കിംഗ് അനുവദിക്കും. പിന്നീട് എത്തുന്ന വാഹനങ്ങൾ ബൈപാസ് റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്യണം.

തിരുവനന്തപുരം: പുതുവത്സരം ആഘോഷത്തിരക്കിലമരുന്ന കോവളത്ത് സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണവും  ശക്തമാക്കി പൊലീസ്. കോവളം ലൈറ്റ് ഹൗസ്, ഹൗവ്വാ, ഗ്രോവ്, സമുദ്രാ എന്നീ ബീച്ചുകളിലാണ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ് രംഗത്തുള്ളത്. തിങ്കൾ രാവിലെ മുതൽ ആരംഭിക്കുന്ന പോലിസ് സുരക്ഷാസംവിധാനങ്ങൾ നാളെ രാവിലെ വരെ തുടരും. ഇതിനായി തീരത്തുടനീളം  400 പൊലിസുകാരെയാണ് വിന്യസിക്കുന്നത്.  

എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും സുരക്ഷാ സംവിധാനങ്ങളുടെ ചുമതല. ഇത് കൂടാതെ തിരുവല്ലം മുതൽ മുക്കോല വരെയുള്ള ഭാഗങ്ങളിൽ പോലിസിന്റെ വാഹന പരിശോധനയും ഉണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കും  മത്സരയോട്ടം നടത്തുന്നവർക്കുമെതിരെ കർശന  നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന്  ഉച്ചയ്ക്കുശേഷം കോവളം ബീച്ചിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പടുത്തും.

വലിയ വാഹനങ്ങളെ തീരത്തേക്ക് കടത്തിവിടില്ല. ആദ്യമെത്തുന്ന ഇരുചക്ര വാഹനങ്ങൾക്ക് കോവളം പൊലിസ് സ്റ്റേഷൻ പരിസരത്ത് പാർക്കിംഗ് അനുവദിക്കും. പിന്നീട് എത്തുന്ന വാഹനങ്ങൾ ബൈപാസ് റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്യണം. ലൈറ്റ് ഹൌസ് ഭാഗത്ത് എത്തുന്ന വാഹനങ്ങൾക്ക് മായക്കുന്നിൽ പാർക്കിംഗ് സൌകര്യം ഒരുക്കും.  ബീച്ചിൽ വെളിച്ചം ലഭ്യമാക്കുന്നതിന് താല്‍ക്കാലിക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെ ശല്യം ചെയ്യുന്നവരെയും സാമൂഹ്യ വിരുദ്ധരെയും ആഘോഷം അതിരുവിടുന്നവരെയും കയ്യോടെ പിടികൂടാൻ സി.സി.റ്റി.വി.ക്യാമറകളും, വീഡിയോ ക്യാമറകളും സജ്ജമാക്കിയിട്ടുണ്ട്. 

ലൈറ്റ് ഹൗസ് ബീച്ചിലെ  പോലിസ് കൺട്രോൾ റൂമിനായിരിക്കും സുരക്ഷയുടെ പൂർണ്ണ നിയന്ത്രണം .തീരത്തും ഇടറോഡുകളിലും ഇരുചക്രവാഹനങ്ങളിൽ പോലിസ് പട്രോളിംഗ് ഉണ്ടാകും. യൂണിഫോം ധരിച്ചവരെക്കൂടാതെ മഫ്ടി പോലിസിന്റെയും, പിങ്ക് പോലിസിന്റേയും, കുതിര പോലിസിന്റേയും സേവനം തീരത്ത് ഉണ്ടാകും .കൂടാതെ കടലിനോടടുത്ത് തീരത്ത് പട്രോളിംഗിനായി പ്രത്യേകം നിർമ്മിച്ച  പൊളാരിസ് വാഹനത്തിൽ പൊലീസിൻറെ പട്രോളിംഗും ഉണ്ടാകും. 

ആംബുലൻസ് അടക്കം ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കൽ സംഘം തീരത്ത് ക്യാമ്പ് ചെയ്യും. രാത്രിയിൽ കടലിൽ ഇറങ്ങാൻ ആരെയും അനുവദിക്കില്ല.രാത്രി 12 മണിയോടെ പുതുവത്സരപ്പിറവി കഴിഞ്ഞാൽ ഉടൻ തന്നെ  തീരത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.

click me!