
കണ്ണൂര്‍: പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളുടെ ശവപ്പറമ്പായി കാസർകോട് ചട്ടഞ്ചാൽ. അഞ്ഞൂറോളം വാഹനങ്ങളാണ് റവന്യൂഭൂമിയിൽ തുരുമ്പെടുത്ത് നശിക്കുന്നത്. സമീപത്തെ സ്കൂളിലെ കുട്ടികൾ ഉൾപ്പെടെ നിരവധിപ്പേർ കടന്നുപോകുന്ന പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നാണ് നാട്ടുകാരുടെ പരാതി.
ബേക്കൽ സ്റ്റേഷനോട് ചേർന്ന് പിടിച്ചിട്ടിരുന്ന വാഹനങ്ങൾ മൂന്ന് വർഷം മുമ്പ് റോഡ് വികസനത്തിന്‍റെ പേരിലാണ് ചട്ടഞ്ചാലിലെ റവന്യൂ ഭൂമിയിലേക്ക് മാറ്റിയത്. പിന്നീട് വിദ്യാനഗർ സ്റ്റേഷനിലെ വാഹനങ്ങളും ചട്ടഞ്ചാലിൽ തള്ളി. കാടുപിടിച്ച് കിടന്ന പ്രദേശത്ത് മൂന്ന് തവണ തീപിടിത്തമുണ്ടായി. ചില വാഹനങ്ങൾ കത്തി നശിച്ചു. രാത്രിയായാൽ സാമൂഹ്യവിരുദ്ധരുടെ താവളമാണിതെന്നും മുമ്പ് ടെന്‍റ് കെട്ടി പൊലീസ് കാവലുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഒന്നുമില്ലെന്നും നാട്ടുകാർ പറയുന്നു.
സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നിരവധി വിദ്യാർത്ഥികൾ കടന്നുപോകുന്ന വഴിയാണ്. പാമ്പുൾപ്പെടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷം. എന്നാല്‍ വാഹനങ്ങൾ മാറ്റണമെങ്കിൽ കോടതിയുടേയോ ജില്ലാ ഭരണകൂടത്തിന്‍റേയോ നിർദ്ദേശം വേണമെന്നാണ് പൊലീസ് പറയുന്നത്. എത്രയും വേഗം വാഹനങ്ങൾ മറ്റൊരിടത്തേക്ക് മാറ്റി നഗരത്തിന്‍റെ കണ്ണായ പ്രദേശത്തെ ഭൂമി വികസന ആവശ്യങ്ങൾക്കായി ഉപയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam