
പാലക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴയിൽ പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്. മണ്ണാർക്കാട് തൃക്കല്ലൂർ സ്വദേശി ബാസിൽ സൽമാനെതിരെയാണ് മണ്ണാർക്കാട് പൊലീസ് കേസെടുത്തത്. തനിക്കും മർദനമേറ്റെന്ന് ചൂണ്ടിക്കാട്ടി യുവാവ് നൽകിയ പരാതിയിൽ പമ്പ് ജീവനക്കാർക്ക് എതിരെയും പൊലീസ് കേസെടുത്തു.
വാഹനത്തിൽ പെട്രോൾ കഴിഞ്ഞതോടെയാണ് ബാസിലും സുഹൃത്തും ഇന്നലെ വൈകീട്ട് ആറ് മണിയോടെ കാഞ്ഞിരത്തെ പെട്രോൾ പമ്പിലെത്തിയത്. പെട്രോൾ നിറയ്ക്കാനായി പമ്പ് ജീവനക്കാരോട് ക്യാൻ ആവശ്യപ്പെട്ടു. ക്യാനില്ലെന്നും പുറത്ത് കടയിൽ നിന്നും വരണമെന്നും ജീവനക്കാരൻ പറഞ്ഞു. ഇതിൽ പ്രകോപിതനായ ബാസിൽ സൽമാൻ പമ്പിലെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. തോമസ് മാത്യു, സിന്ധു എന്നിവർക്കാണ് പരിക്കേറ്റത്. ഈ സംഭവത്തിലാണ് ബാസിൽ സൽമാനെതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തത്. അതേസമയം, അക്രമത്തിനിടെ തനിക്കും പരിക്കേറ്റെന്ന് ചൂണ്ടിക്കാട്ടി യുവാവും പൊലീസിൽ പരാതി നൽകി. പമ്പ് ജീവനക്കാരായ തോമസ് മാത്യു, സിന്ധു, പമ്പുടമ ഉൾപ്പെടെ നാല് പേരെ പ്രതി ചേർത്താണ് ഇതിൽ പൊലീസ് കേസെടുത്തത്.