
കായംകുളം: കൃഷ്ണപുരത്ത് വിജനമായ റോഡിൽ വീട്ടമ്മയെ ബോധമറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 10 ദിവസമായിട്ടും ദുരൂഹത മാറ്റാനായില്ല. കൃഷ്ണപുരം തോപ്പിൽ തെക്കതിൽ പരേതനായ സതീഷ് കുമാറിന്‍റെ ഭാര്യ ശോഭനാ കുമാരിയെയാണ് (52) വീട്ടിലേക്കുള്ള വഴിയിൽ സാരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൂന്നോളം ശസ്ത്രക്രിയകൾക്ക് വിധേയയായ ഇവർക്ക് ഇതുവരെ ബോധം തിരിച്ച് കിട്ടിയിട്ടില്ല. ഏക ആശ്രയമായ അമ്മക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അറിയാൻ കഴിയാത്ത വിഷമത്തിലാണ് ഏക മകൾ ലക്ഷ്മി പ്രിയ (15).
കഴിഞ്ഞ 17 ന് രാത്രി എട്ട് മണിയോടെ കൃഷ്ണപുരം സിപിസിആർഐക്ക് സമീപമുള്ള ഇടവഴിയിലാണ് പരിക്കേറ്റ നിലയിൽ ഇവരെ കണ്ടെത്തിയത്. മഴയത്ത് അബോധാവസ്ഥയിൽ കിടന്നിരുന്ന ശോഭനകുമാരിയെ ഇതുവഴി വന്ന ബൈക്ക് യാത്രികരാണ് സമീപത്തെ വീട്ടിലേക്ക് മാറ്റിയത്. ധരിച്ചിരുന്ന റോൾഡ് ഗോൾഡ് മാലയും പേഴ്സും ഇവര്‍ കിടന്നിരുന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു. തലയ്ക്ക് പിന്നിൽ അടിയേറ്റ തരത്തിലുള്ള സാരമായ പരിക്കാണ് ശോഭനാ കുമാരിക്ക് ഏറ്റിരിക്കുന്നതെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. മൂന്ന് നില കെട്ടിടത്തിൽ നിന്നും വീഴുന്ന തരത്തിലുള്ള ആഘാതമാണ് ഇവരുടെ തലയ്ക്ക് സംഭവിച്ചതെന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. തലച്ചോർ ഒരു ഭാഗത്തേക്ക് മാറുന്ന തരത്തിലുള്ള ആഘാതമാണ് ഏറ്റിരിക്കുന്നത്. സാധാരണ ഗതിയിലുള്ള വീഴ്ചയിൽ ഇത്തരം ക്ഷതം സംഭവിക്കാറില്ലെന്നും ഡോക്ടർമാർ പറയുന്നു. ശോഭനകുമാരിയുടെ നില വഷളായിട്ടും ബോധം വന്നതിന് ശേഷമേ ദുരൂഹത മാറ്റാനാകുവെന്നാണ് പൊലീസ് പറയുന്നത്.
രണ്ടാഴ്ച പിന്നിട്ടിട്ടും സംഭവത്തിൽ വ്യക്തത വരുത്താൻ കഴിയാത്ത പൊലീസ് നടപടിയിൽ പ്രദേശത്ത് പ്രതിഷേധം രൂക്ഷമായി. എന്നാൽ, വിവരം അറിഞ്ഞയുടൻ തന്നെ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നുവെങ്കിലും ശക്തമായ മഴ പെയ്തതിനാൽ കാര്യമായി തുമ്പുകളൊന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ശോഭന കുമാരി ദേശീയ പാതയിലൂടെ ഇടവഴിയിലേക്ക് പ്രവേശിക്കുന്നത് സിസിടിവിയിൽ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, പിന്നീട് എന്ത് സംഭവിച്ചതെന്ന് അറിയില്ല. ഇവരുടെ ബോധം തെളിഞ്ഞാൽ മാത്രമെ അന്വേഷണം ശരിയായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂവെന്നാണ് പൊലീസ് പറയുന്നത്. ബോധം വന്നോയെന്ന് അറിയാനായി പൊലീസ് എന്നും വിളിക്കാറുണ്ടെന്ന് ശോഭനയുടെ ബന്ധുക്കൾ പറയുന്നു. സംഭവ ദിവസം വൈകീട്ട് 5.30 നാണ് ഡോക്ടറെ കാണാനായി ശോഭന വീട്ടിൽ നിന്നിറങ്ങിയത്. മരുന്നിന്‍റെ കുറിപ്പടിയും ഇവരുടെ പേഴ്സിലുണ്ടായിരുന്നു. ലഹരി - ക്വട്ടേഷൻ മാഫിയകൾ തമ്പടിക്കുന്ന റോഡിലുണ്ടായ സംഭവത്തില്‍ ദുരൂഹത മാറ്റാൻ വേഗത്തിൽ നടപടി ഉണ്ടാകണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam