
സുല്‍ത്താന്‍ബത്തേരി: വയനാട് വന്യജീവിസങ്കേതത്തില്‍ തോക്കുമായി വേട്ടയ്ക്കിറങ്ങിയെന്ന കേസില്‍ ഒളിവിലായിരുന്ന തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥന്‍ ഗൂഡല്ലൂര്‍ ധര്‍മഗിരി സ്വദേശി ജെ. ഷിജു (43) കീഴടങ്ങി. എരുമാട് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായിരുന്ന ഷിജുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ മുത്തങ്ങ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ ഓഫീസിലെത്തി കീഴടങ്ങിയത്. ഇയാളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് ഷിജുവിനെ പൂമറ്റം വനഭാഗത്തും തമിഴ്നാട് അതിര്‍ത്തിപ്രദേശങ്ങളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പൂമറ്റം ഭാഗത്ത് കാടിനോട് ചേര്‍ന്ന വഴിയരികില്‍ ഷിജു ഉപേക്ഷിച്ച ഹെഡ് ലൈറ്റ് കണ്ടെത്തി. എന്നാല്‍ ഇവിടെ ഉപേക്ഷിച്ചെന്ന് പറയുന്ന തിരകളുടെ അവശിഷ്ടങ്ങളും കത്തിയും കണ്ടെടുക്കാനായിട്ടില്ല. 2021 സെപ്റ്റംബര്‍ 10-ന് പുലര്‍ച്ചെ രണ്ടിന് മുത്തങ്ങ റെയ്ഞ്ചിലെ തോട്ടാമൂല സെക്ഷനിലെ മുണ്ടക്കൊല്ലി പൂമറ്റം വനമേഖലയിലാണ് സംഭവം നടന്നത്.
ഷിജുവും കൂട്ടാളികളും വനത്തില്‍ വേട്ടക്കിറങ്ങിയതിന്‍റെ ദൃശ്യങ്ങള്‍ കടുവകളുടെ കണക്കെടുപ്പിനായി വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിയുകയായിരുന്നു. ജീന്‍സും ടീഷര്‍ട്ടും ധരിച്ച് ഹെഡ്ലൈറ്റും കൈയില്‍ തോക്കും അരയില്‍ കത്തിയുമായി ഷിജു കാട്ടിലൂടെ നടന്നുപോകുന്നതിന്‍റെ ചിത്രങ്ങളാണ് സിസിടിവിയില്‍ നിന്നും ലഭിച്ചത്. നടന്ന് പോകുന്നതിനിടെ ക്യാമറയില്‍ നിന്ന് ഫ്‌ളാഷ് വന്നതോടെ ഷിജുവും സംഘാംഗങ്ങളും ഇവിടെ നിന്ന് കടന്ന് കളയുകയായിരുന്നു. ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചിത്രത്തില്‍ കണ്ടത് ഷിജുവാണെന്നും ഇയാള്‍ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥനാണെന്നും തിരിച്ചറിഞ്ഞത്.
സംസ്ഥാന വനംവകുപ്പ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നീലഗിരി ജില്ലാ പോലീസ് മേധാവി ഷിജുവിനെ ജോലിയില്‍ നിന്ന് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതേ കേസില്‍ തന്നെ തമിഴ്‌നാട് കയ്യൂന്നി കൊരണ്ടിയാര്‍കുന്നില്‍ കെ.ജെ. ജിജോ (38) എന്നയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. വേട്ടയ്ക്ക് ഉപയോഗിക്കാന്‍ കൈയ്യില്‍ കരുതിയ നാടന്‍തോക്ക് ഒളിപ്പിക്കാന്‍ കൂട്ടുനിന്നതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തോക്ക് തമിഴ്‌നാട്ടിലെ ചേരങ്കോട് കാരക്കൊല്ലിയിലെ തേയിലത്തോട്ടത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിയ പന്നിഫാമിലെ മാലിന്യക്കുഴിയില്‍ നിന്ന് പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെടുത്തിരുന്നു. മുത്തങ്ങ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.പി. സുനില്‍കുമാര്‍, തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.എന്‍. രാഗേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam