
കോഴിക്കോട്: മലപ്പുറം പൊന്നാനി ബീച്ചില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. പൊന്നാനി ഹാര്‍ബറിലെ പുനര്‍ഗേഹം ഫ്‌ളാറ്റില്‍ താമസിക്കുന്ന മാറാപ്പിന്റെ വീട്ടില്‍ ഫാത്തിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രായമരക്കാര്‍ വീട്ടില്‍ മുഹമ്മദി(23)നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ട്രെയിനിന് മുന്നില്‍ ചാടാനുള്ള ശ്രമത്തിനിടെ പരപ്പനങ്ങാടിയിലെ റെയില്‍വേ ട്രാക്കിനു സമീപത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്. സംശയം മൂലമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ ലഹരിക്കടിമയാണെന്നും പൊലീസ് പറയുന്നു.
ഇന്നലെ രാവിലെ എട്ടോടെ പൊന്നാനി അഴീക്കല്‍ പുലിമുട്ടിന് സമീപം കടപ്പുറത്താണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. മണലില്‍ കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.ഇതിന് മുകളില്‍ മണല്‍വാരിയിടുകയും ചെയ്തിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. മുഹമ്മദും ഫാത്തിമയും തമ്മില്‍ നിരന്തരം തര്‍ക്കം നടന്നിരുന്നതായാണ് ലഭിക്കുന്ന വിവരം. ഇരുവര്‍ക്കും നാലുമാസം പ്രായമുള്ള കുഞ്ഞുണ്ട്. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെ കാറ്റുകൊള്ളാനെന്ന് പറഞ്ഞ് ഇരുവരും കുഞ്ഞുമൊത്ത് കടപ്പുറത്തെത്തുകയായിരുന്നു.
പിന്നീട് ഇവിടെ വച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഈ സമയം കുഞ്ഞ് ഉറങ്ങുകയായിരുന്നു. പുലര്‍ച്ചെ രണ്ടോടെ മുഹമ്മദ് ഫാത്തിമയെ കഴുത്തില്‍ ഷോള്‍ കൊണ്ട് മുറുക്കി കൊലപ്പെടുത്തി എന്നാണ് പൊലീസ് പറയുന്നത്. പിറ്റേന്ന് പുലര്‍ച്ചെ ഇവിടെയെത്തിയ സ്ത്രീകളാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ കാലില്‍ തെരുവ് നായകളുടെ കടിയേറ്റിരുന്നു. ഉടന്‍ തന്നെ ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മുഹമ്മദിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരപ്പനങ്ങാടിയില്‍ നിന്ന് ഇയാളെ പിടികൂടുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam