ഉളി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് ഒരു വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മാരാരിക്കുളം തെക്ക് പതിനാലാം വാർഡിൽ പൊന്നാംപുരയിൽ വീട്ടിൽ ആന്റണി പ്രവീണിനെയാണ് (32) ആലപ്പുഴ അഡീഷണൽ സെഷൻസ് മൂന്ന് കോടതി ജഡ്ജി എം ഷുഹൈബ് ശിക്ഷിച്ചത്
ചേർത്തല: വിൽപന നടത്തിയ വാഹനം കരാർ ലംഘിച്ച് തിരിച്ചെടുത്തത് ചോദ്യം ചെയ്തയാളെ ഉളി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് ഒരു വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മാരാരിക്കുളം തെക്ക് പതിനാലാം വാർഡിൽ പൊന്നാംപുരയിൽ വീട്ടിൽ ആന്റണി പ്രവീണിനെയാണ് (32) ആലപ്പുഴ അഡീഷണൽ സെഷൻസ് മൂന്ന് കോടതി ജഡ്ജി എം ഷുഹൈബ് ശിക്ഷിച്ചത്.
ചേർത്തല തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മായിത്തറ പ്ലാക്കഴിയിൽ ഹരിക്കുട്ടന്റെ പെട്ടി ഓട്ടോറിക്ഷ പ്രതി തിരികെ കൊണ്ടുപോയത് ചോദ്യം ചെയ്തതോടെയാണ് മൂർച്ചയേറിയ ഉളികൊണ്ട് ഇടത് കൈത്തണ്ടയിൽ കുത്തിയത്. 2016 സെപ്റ്റംബർ 26ന് രാത്രി എട്ടിന് മായിത്തറ ജംഗ്ഷനിലായിരുന്നു സംഭവം. മാരാരിക്കുളം പൊലീസ് സ്റ്റേഷൻ എസ് ഐ എ വി ബിജു, എ എസ് ഐ ഷിബു എന്നിവരാണ് കേസ് ഏകോപിപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ ബി ഷാരി ഹാജരായി.


