ബസിന്‍റെ വാതില്‍ തട്ടി തലയോടിന് പരിക്കേറ്റ് ഓര്‍മ്മ നഷ്ടപ്പെട്ടു; വിദ്യാർഥിയുടെ ചികിത്സയ്ക്ക് സഹായം തേടുന്നു

By Web TeamFirst Published Feb 14, 2020, 8:01 PM IST
Highlights

മത്സര ഓട്ടത്തിനിടയിൽ വാതിൽ കൃത്യമായി അടക്കാൻ ഡ്രൈവർ മറന്നുപോയതാണ് അപകടത്തിന് കാരണമായത്

എന്നാൽ അപകട ശേഷം കേസ് ആക്കിക്കോളു എന്ന് പറഞ്ഞ് ബസുടമ പിൻവാങ്ങിയെന്ന് ആകാശിന്‍റെ അച്ഛൻ

കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന്‍റെ ഡ്രൈവർക്ക് സംഭവിച്ച പിഴവാണ് കാക്കനാട് തുതിയൂരിലെ പ്രകാശന്‍റെ കുടുംബത്തെ സങ്കടക്കടലിലാക്കിയത്. കഴിഞ്ഞ ഒന്നര മാസമായി പ്രകാശന്‍റെ ഇളയ മകൻ ആകാശ് ഓർമ്മകൾ പോലുമില്ലാതെ ആശുപത്രിയിലാണ്. ബന്ധുവിനൊപ്പം ആലുവയിലേക്ക് ബൈക്കിൽ പോകുകയായിരുന്ന ആകാശിന്‍റെ തലയിൽ ബസ്സിന്‍റെ വാതിൽപാളി ഇളകി വന്നിരിടിക്കുകായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയോടിന്‍റെ  ഒരു ഭാഗം തകർന്നുപോയി.

മത്സര ഓട്ടത്തിനിടയിൽ വാതിൽ കൃത്യമായി അടക്കാൻ ഡ്രൈവർ മറന്നുപോയതാണ് അപകടത്തിന് കാരണമായത്. എന്നാൽ അപകട ശേഷം കേസ് ആക്കിക്കോളു എന്ന് പറഞ്ഞ് ബസുടമ പിൻവാങ്ങിയെന്ന് ആകാശിന്‍റെ അച്ഛൻ പ്രകാശൻ പറയുന്നു. തലയോടിന്‍റെ മുൻ ഭാഗം ചിതറിപ്പോയതിനാൽ ഈ ഭാഗം ശസ്ത്രക്രിയിലൂടെ നീക്കിയിരിക്കുകയാണ്. ഇനി കൃത്രിമ തലയോട്ടി വെച്ച് പിടിപ്പിക്കുന്നതടക്കമുള്ള  ചെലവേറിയ ചികിത്സകൾ വേണ്ടിവരുമെന്നാണ് ഡോക്ടർ പറയുന്നത്.

ജീവിതോപാധിയായിരുന്ന ഓട്ടോ വിറ്റും അടുത്ത സുഹൃത്തുക്കൾ നൽകിയ സഹായം സ്വീകരിച്ചും ഇതുവരെ ചികിത്സ തുടർന്നു. ഇനി ചികിത്സ മുന്നോട്ട് കൊണ്ടുപോകാൻ നാട്ടുകാരുടെ സഹായം തേടുകയാണ് ഈ കുടുംബം.

അക്കൗണ്ട് വിവരങ്ങള്‍

പ്രകാശ്- എസ്
അക്കൗണ്ട് നമ്പർ- 3307101003205 
ഐ.എഫ്.എസ് സി കോഡ്- CNRBO 003307
കനറ ബാങ്ക്
വാഴക്കാല ബ്രാ‌ഞ്ച്
കാക്കനാട്, എറണാകുളം

 

click me!