
പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളി ടൗണില്‍ 'പോരാട്ടം' സംഘടനയുടെ പേരില്‍ പോസ്റ്ററുകള്‍. ദലിത് കുടുംബത്തിന്റെ ഭൂമി സ്‌കൂള്‍ അധികൃതര്‍ കൈയ്യേറുന്നുവെന്ന് ആരോപിച്ചാണ് ബസ് സ്റ്റാന്‍ഡിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ എഴുതി തയ്യാറാക്കിയ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. കാപ്പിസെറ്റിലെ കുട്ടിയമ്മ എന്ന ദളിത് സ്ത്രീയുടെ പത്തേകാല്‍ സെന്റ് ഭൂമിയില്‍ കൈയ്യേറ്റം നടത്തുന്നത് സ്‌കൂള്‍ അധികൃതര്‍ക്ക് ചേര്‍ന്നതല്ലെന്ന് പോസ്റ്ററില്‍ പറയുന്നുണ്ട്.
കുട്ടിയമ്മയുടെ കൈവശമുള്ള ഭൂമിയുടെ അതിരുകളെല്ലാം വ്യക്തമാണ്. നികുതിയും അടക്കുന്നുണ്ട്. എന്നിട്ടും പറമ്പിലെ തേക്കുമരങ്ങള്‍ അടക്കമുള്ള ഭൂമിയുടെ ഒരു ഭാഗം സ്‌കൂളിന്റേതാണെന്ന് പി.ടി.എ അധികൃതരും ഹെഡ്മാസ്റ്ററും പറയുന്നതിനെതിരെയും പോസ്റ്ററില്‍ ഉണ്ട്. പോസ്റ്ററിലെ വാചകങ്ങള്‍ ഇങ്ങനെ: കാപ്പിസെറ്റില്‍ കുട്ടിയമ്മ എന്ന ദലിത് സ്ത്രീക്ക് പത്തേകാല്‍ സെന്റ് ഭൂമിയുണ്ട്, ഇതിന് അതിരും വ്യക്തമായുണ്ട്. നികുതി അടക്കുന്നുണ്ട്. ഈ സ്ഥലത്തിന്റെ കുറച്ചുഭാഗം ഇപ്പോള്‍ സകൂളിന്റേതാണെന്ന് പി.ടി.എ മേലാളന്മാരും ഇന്നലെ വന്ന ഹെഡ്മാസ്റ്ററും പറയുന്നു.
കുട്ടിയമ്മ നട്ടുപിടിപ്പിച്ച തേക്കുമരങ്ങളും സ്ഥലവും സ്‌കൂളിന്റേതാണെന്നാണ് പി.ടി.എയുടെ പുതിയ വാദം. ദലിത് സ്ത്രീയുടെ ഭൂമി പിടിച്ചെടുത്ത് കൊണ്ടുള്ള പി.ടി.എയുടെ നീക്കം വിദ്യാഭ്യാസ കേന്ദ്രം എന്ന സ്‌കൂളിന്റെ മഹത്വത്തിന് ചേര്‍ന്നതല്ല. ദലിത് സ്ത്രീക്കെതിരായ വംശീയ കടന്നാക്രമണമാണ് ഇത്. ഇതിന് മുന്‍പ് ചത്ത പശുവിനെ വിറ്റുവെന്ന് പറഞ്ഞ് ചില ആളുകള്‍ കുട്ടിയമ്മയെ ഉപദ്രവിച്ചതും ജനങ്ങള്‍ക്ക് അറിവുള്ളതാണ്. സമൂഹത്തിന് നിരക്കാത്ത ഇത്തരം നീക്കങ്ങള്‍ക്കെതിരെ പ്രതകരിക്കുക. പോരാട്ടം പോസ്റ്ററില്‍ ആവശ്യപ്പെടുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam