
കൊച്ചി: കോടനാട് അനകൂട്ടിൽ ചരിഞ്ഞ കാട്ടുകൊമ്പൻ്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. രാത്രി പത്തരയോടെയാണ് സംസ്കാരം ഉൾപ്പെടെ പൂർത്തിയായത്. പോസ്റ്റുമോർട്ടത്തിന് നിയോഗിച്ച ഡോക്ടർമാർ ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു. ആനയുടെ ജഡം ആനയെ പാർപ്പിച്ചിരുന്ന കൂടിന് സമീപം സംസ്കരിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്ന് പ്രാഥമിക റിപ്പോർട്ട്. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്ന ശേഷം വിശദ റിപ്പോർട്ട് പുറത്തുവിടുമെന്ന് മെഡിക്കൽ സംഘം അറിയിച്ചു.
മസ്തകത്തിന് പരിക്കേറ്റ് അതിരപ്പിള്ളിയിൽ നിന്നും കോടനാട് അഭയാരണ്യത്തിൽ എത്തിച്ച കൊമ്പൻ ഇന്ന് ഉച്ചയോടെയാണ് ചരിഞ്ഞത്. ഹൃദയഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മുറിവിൽ നിന്നും അണുബാധ തുമ്പികൈയ്യിലേക്കും പടർന്നിരുന്നു. ചികിത്സക്കിടെ ഉണ്ടായ ഹൃദയഘാതം മരണത്തിലേക്ക് നയിച്ചെന്നാണ് നിഗമനം. കൂടിനകത്ത് ശാന്തനായി നിലയുറപ്പിച്ച കൊമ്പൻ ചികിത്സയോട് മികച്ച രീതിയിൽ പ്രതികരിച്ചിരുന്നു. പുല്ലും പഴവുമടക്കം ആഹാരവും കൃത്യമായിരുന്നു. എന്നാൽ കോടനാട്ടെ രണ്ടാം ദിനം അവശത കൂടി. പിന്നാലെ ചരിഞ്ഞു. തൃശൂരിൽ നിന്നെത്തിയ വെറ്റിനെറി ഡോക്ടർമാരടങ്ങിയ സംഘമാണ് പോസ്റ്റ്മോർട്ടം നടപടികൾക്ക് നേതൃത്വം നൽകിയത്. വാഴച്ചാൽ ഡി എഫ് ഒ ആർ ലക്ഷ്മി, ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയ, കാലടി ആർ എഫ് ഒ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Also Read: ആനയെ തുരത്താൻ സ്ഥാപിച്ച കരിങ്കൽ മതിൽ ആനകൾ തകർത്തു, ഭീതിയിലായി മലപ്പുറം ചോക്കോട് നിവാസികൾ
ജനുവരി ആദ്യവാരമാണ് മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ കാലടി പ്ലാന്റേഷൻ കോർപ്പറേഷൻ കാടുകളിൽ കണ്ടത്. ജനുവരി 24ന് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ മയക്കുവെടിവച്ച് ചികിത്സ നൽകിയെങ്കിലും മുറിവ് ഉണങ്ങിയില്ല. അവശനിലയിലായതോടെയാണ് വീണ്ടും പിടികൂടി ചികിത്സിക്കാൻ തീരുമാനിച്ചത്. കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാകാം മുറിവേറ്റതെന്നാണ് വനംവകുപ്പിന്റെ നിഗമനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam