വൈദ്യുതി ഉൽപ്പാദനം: സോളാറിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി

Published : Oct 09, 2021, 04:42 PM IST
വൈദ്യുതി ഉൽപ്പാദനം: സോളാറിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി

Synopsis

വൈദ്യുതി ഉൽപ്പാദനത്തിൽ സോളാറിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്താനാണ് ശ്രമിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി തൂണുകളില്‍ ഘടിപ്പിക്കുന്ന തരത്തിലുള്ള പോള്‍ മൗണ്ടട്‌ ചാര്‍ജ്ജിംഗ്‌ സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കോഴിക്കോട്:  വൈദ്യുതി ഉൽപ്പാദനത്തിൽ സോളാറിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്താനാണ് ശ്രമിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി തൂണുകളില്‍ ഘടിപ്പിക്കുന്ന തരത്തിലുള്ള പോള്‍ മൗണ്ടട്‌ ചാര്‍ജ്ജിംഗ്‌ സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാ വീട്ടിലും പുരപ്പുറ സോളാർ വെക്കാനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുന്നുണ്ട്. വീട്ടാവശ്യത്തിനുള്ള വൈദ്യുതി എടുത്ത ശേഷം ബാക്കി വരുന്ന വൈദ്യുതി ബോർഡിന് വിൽക്കുമ്പോൾ ചെറിയ വരുമാനം ലഭിക്കുമെന്നത് കുടുംബത്തിന് ആശ്വാസമാവുമെന്നും മന്ത്രി പറഞ്ഞു. 

കേരളത്തിൽ മുഴുവൻ ഇ-ഓട്ടോറിക്ഷ പദ്ധതി നടപ്പിലാക്കാൻ ആലോചനയുണ്ട്. ഇതിന് സഹായകരമാവുന്ന വിധത്തിൽ വളരെ ചുരുങ്ങിയ പലിശയ്ക്ക് ഇ- ഓട്ടോറിക്ഷ വാങ്ങിക്കാനുള്ള വായ്പ നൽകാമെന്ന് കേരള ബാങ്ക് പ്രസിഡന്റ് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

 250 രൂപ ദിവസം അടക്കുകയാണെങ്കിൽ മൂന്ന് ലക്ഷം രൂപയുടെ ഓട്ടോറിക്ഷ വാങ്ങിക്കാൻ  പ്രയാസമുണ്ടാവില്ല. അങ്ങനെയാണെങ്കിൽ മൂന്നു വർഷത്തിനകം വായ്പ അടച്ചു തീർക്കാനാകുമെന്നും മന്ത്രി പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായിരുന്നു.

ആദ്യ ചാർജിംഗ് സ്റ്റേഷൻ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നന്മനിറഞ്ഞ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പറ്റിയ ഏറ്റവും നല്ല മണ്ണാണ് കോഴിക്കോടിന്റെതെന്ന് മന്ത്രി പറഞ്ഞു. ഇലക്ട്രിക് വെഹിക്കിൾ പോളിസി കേരളത്തിൽ കൊണ്ടുവന്നത് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്. നിലവിൽ കേരളത്തിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ കൂടുതലുള്ളത് കോഴിക്കോട്ടാണ്. 

ഏറെ മാതൃകയാക്കാവുന്ന ഓട്ടോറിക്ഷാ തൊഴിലാളികളുള്ള നഗരം കൂടിയാണ് കോഴിക്കോട്. പാരിസ്ഥിതിക മലിനീകരണ ലഘൂകരണത്തിനും ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനും ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

നഗരത്തിലെ പത്ത് കേന്ദ്രങ്ങളിലാണ് കെഎസ്ഇബിയുടെ വൈദ്യുത തൂണുകളിൽ ഘടിപ്പിക്കുന്ന പോൾ മൗണ്ടട് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചത്. സരോവരം ബയോ പാർക്കിനു സമീപം, എരഞ്ഞിപ്പാലം, വാണിജ്യനികുതി ഓഫീസ് പരിസരം, ചെറൂട്ടി നഗർ ജംഗ്ഷൻ, മുത്തപ്പൻകാവ്, മൂന്നാലിങ്കലിനു സമീപം, ശാസ്ത്രീ നഗർ, വെള്ളയിൽ ഹാർബർ പ്രവേശനകവാടം, കസ്റ്റംസ് ക്വാർട്ടേഴ്സ് പരിസരം, മേയർ ഭവൻ പരിസരം എന്നിവിടങ്ങളിലാണ് ചാർജിങ് പോയിന്റുകൾ ഒരുക്കിയത്.

വൈദ്യുതി തൂണിൽ ചാർജിങ് പോയിന്റ് ഉണ്ടാകും. മൊബൈൽ ആപ്പ് വഴി പണം ഇടപാട് നടത്താൻ പറ്റുന്ന രീതിയിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ചാർജ് മോഡ് എന്ന് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്താൽ ഏറ്റവും അടുത്തുള്ള തിരക്കില്ലാത്ത ചാർജിംഗ് പോയിന്റ് എവിടെയാണെന്ന് മനസ്സിലാക്കാനും എത്ര യൂണിറ്റ് വേണമെന്ന് രേഖപ്പെടുത്താനും സാധിക്കും.

ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് വാലറ്റ് നിരക്ക് 100 രൂപയാണ്. ഒരു തവണ ഫുൾ ചാർജ് ചെയ്യുമ്പോൾ 70 രൂപ മൊബൈൽ ഫോൺ വഴി അടയ്ക്കാം. സ്റ്റാർട്ടപ്പ് കമ്പനിയായ ചാർജ് മോഡുമായി ചേർന്നാണ് കെഎസ്ഇബി പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തു തന്നെ പരീക്ഷണാടിസ്ഥാനത്തിൽ കോഴിക്കോട്ടാണ് ആദ്യ പദ്ധതി നടപ്പിലാകുന്നത്. ജില്ലയിലാകെ 600 ഓട്ടോകൾ ഉണ്ട്. വാഹനം ഫുൾ ചാർജ് ചെയ്താൽ 130 കിലോമീറ്റർ ഓടാനാകും. 

ഏതാണ്ട് നാല് മണിക്കൂർ സമയം വേണം ഇത്തരത്തിൽ ചാർജ് കയറാൻ. നിലവിൽ സ്വകാര്യ ചാർജിങ് സ്റ്റേഷനുകളാണ് ഇവർ ആശ്രയിക്കുന്നത്. ഇവിടങ്ങളിൽ വലിയ തുക ഈടാക്കുന്നത് പ്രയാസം സൃഷ്ടിച്ചിരുന്നു. വൈദ്യുത തൂണുകളിൽ ഘടിപ്പിക്കുന്ന തരത്തിലുള്ള പോൾ മൗണ്ട് ചാർജിങ് സ്റ്റേഷനുകൾ ഇതിൽനിന്ന് ആശ്വാസമേകും.

കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ നടന്ന ചടങ്ങിൽ കൗൺസിലർമാരായ റംലത്ത്, പ്രവീൺകുമാർ , സോഫിയ അനീഷ്, ടി വി ബാലൻ, എസ് കെ അബൂബക്കർ, കെ അനിൽകുമാർ , ഇലക്ട്രിസിറ്റി ബോർഡ് ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ഡോ ബി അശോക്, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു. ഡയറക്ടർ ആർ സുകു റിപ്പോർട്ട് അവതരിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സഹോദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതില്‍ വൈരാഗ്യം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അടക്കം മൂന്ന് പേര്‍ പിടിയിൽ
അന്തർ സംസ്ഥാന ബസ്സുകളിൽ മിന്നൽ പരിശോധന; കൊല്ലം ബീച്ച് പരിസരത്ത് യുവാവ് അറസ്റ്റിലായത് എംഡിഎംഎയുമായി