ഗര്‍ഭിണിയായ ആന മരണപ്പെട്ട സംഭവം; ഞങ്ങളുടെ വാദം ആരും കേട്ടില്ലെന്ന് പ്രതിയുടെ കുടുംബം

By Web TeamFirst Published Jul 8, 2021, 1:43 PM IST
Highlights

അറുപതിലേറെ വയസുള്ള തന്‍റെ പിതാവ് ഈ കൊവിഡ് അവസ്ഥയില്‍ ഇനി ജയിലില്‍ പോയാല്‍ തിരിച്ചുവരുമോ എന്ന് അറിയില്ല. അതിനാല്‍ തന്നെ ജാമ്യം ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഇത്രയും കാലം നേരിട്ട പ്രശ്നങ്ങള്‍ പൊതുജനമാധ്യത്തില്‍ വെളിപ്പെടുത്താതിരുന്നത് എന്നാണ് നിജാസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചത്. 

പാലക്കാട്: ഇന്ത്യയിലൊട്ടാകെ ചര്‍ച്ചയായ പടക്കം പൊട്ടി ആന ചെരിഞ്ഞ സംഭവത്തില്‍ വനം വകുപ്പിനെതിരെ ആരോപണങ്ങളുമായി പ്രതിയുടെ കുടുംബാംഗങ്ങള്‍ രംഗത്ത്. 2020 മെയ് അവസാനമാണ് പാലക്കാട് തിരുവിഴാംക്കുന്നില്‍ ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞത്. ഭക്ഷ്യ വസ്തുവില്‍ കര്‍ഷകര്‍ വച്ച പടക്കം കടിച്ച് വായയില്‍ പരിക്കുപറ്റിയ ആന പിന്നീട് പുഴയില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു. പിന്നീട് ഈ ആന ചെരിഞ്ഞു. 

കേസില്‍ കൃഷിത്തോട്ടം ഉടമയായ അബ്ദുള്‍ കരീം ഒന്നാം പ്രതിയും, അദ്ദേഹത്തിന്‍റെ മകന്‍ റിയാസുദ്ധീന്‍ രണ്ടാം പ്രതിയും, തോട്ടം ജോലിക്കാരന്‍ വില്‍സണ്‍ മൂന്നാം പ്രതിയുമായാണ് കേസ് എടുത്തത്. ഇവര്‍ പടക്കം വച്ച തേങ്ങ ആന ഭക്ഷിച്ചതും, അതിനെ തുടര്‍ന്ന് പടക്കം പൊട്ടി വായയിലുണ്ടായ മുറിവ് മരണത്തിന് കാരണമായി എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട്. അറസ്റ്റ് ചെയ്യപ്പെട്ട വില്‍സണ്‍ മൂന്നുമാസത്തിന് ശേഷം ജാമ്യത്തില്‍ ഇറങ്ങി. ഒന്നും രണ്ടും പ്രതികളായ അബ്ദുള്‍ കരീം, റിയാസുദ്ദീന്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഇവരുടെ മുന്‍കൂര്‍ ജാമ്യപേക്ഷ അടുത്തിടെ ഹൈക്കോടതി തള്ളിയിരുന്നു ഇതിനിടെയാണ് അബ്ദുള്‍ കരീമിന്‍റെ മകന്‍ നിജാസ് ആരോപണങ്ങളുമായി വനം വകുപ്പിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. 

അറുപതിലേറെ വയസുള്ള തന്‍റെ പിതാവ് ഈ കൊവിഡ് അവസ്ഥയില്‍ ഇനി ജയിലില്‍ പോയാല്‍ തിരിച്ചുവരുമോ എന്ന് അറിയില്ല. അതിനാല്‍ തന്നെ ജാമ്യം ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഇത്രയും കാലം നേരിട്ട പ്രശ്നങ്ങള്‍ പൊതുജനമാധ്യത്തില്‍ വെളിപ്പെടുത്താതിരുന്നത് എന്നാണ് നിജാസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചത്. തന്റെ കുടുംബത്തിനെതിരായ കേസ് തീര്‍ത്തും കെട്ടിചമച്ചതാണ് എന്നാണ് ഇദ്ദേഹം പറയുന്നത്.

ചെയ്യാത്ത കുറ്റം വനം വകുപ്പ് എന്റെ പിതാവ് അബദുൽ കരീമിന്റെ ശത്രുക്കളുമായി ഗൂണ്ഡാലോചന നടത്തി പ്രതി ചേർക്കുകയാണ് ചെയ്തിരിക്കുന്നത് എന്ന് നിജാസ് പറയുന്നു. ചെരിഞ്ഞ ആന 2020 മെയ് 23 മുതല്‍ വായിൽ മുറിവുമായി പുഴുത്ത് നാറുന്ന അവസ്ഥയിൽ   അമ്പലപ്പാറയിലെത്തിയത് നാട്ടുകാരോടൊപ്പം കണ്ടത് ആദ്യം വിളിച്ച് വനം വകുപ്പിനെ അറിയിച്ചത്  ഈ കേസിൽ പ്രതി ചേർക്കപ്പെട്ട എന്റെ ജേഷ്ടൻ റിയാസുദ്ധീനാണ്. അന്ന് വനംവകുപ്പുകാര്‍ വന്ന് പാറോക്കോട്ട് വീരാൻ കുട്ടിയുടെ പറമ്പിൽ ആനയെ കണ്ടു  വായ്പ്പുണ്ണ് ആണെന്ന് പറഞ്ഞ് ആനക്ക് ചികിത്സ നൽകാതെ അതിനെ കാട്ടിലേക്ക് വിട്ടു.

പിന്നീട് അവർ വീട്ടിൽ വന്ന് കണ്ട വിവരം അന്വേഷിച്ച് പോയി  23/05/ 2020 രാത്രി ബഫർസോൺ വാച്ചർമാർ ഞങ്ങളുടെ തോട്ടത്തിലെ ഷെഡിൽ അനയെ നിരീക്ഷിക്കാൻ താമസിച്ചു വിവരം അറിയിച്ചത്, സംഭവം വര്‍ഗ്ഗീയ രീതിയിലും മറ്റും പ്രചരണം നടക്കുന്നതുവരെ യാതൊരു ചികില്‍സയും വനം വകുപ്പ് ആനയ്ക്ക് നല്‍കിയില്ല. മെയ് 13,14 ദിവസങ്ങളില്‍ തന്നെ ആനയെ മുറിവോടെ വനംവകുപ്പുകാര്‍ കണ്ടിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാം പ്രതിയായ വില്‍സണെ കൊണ്ടുപോയത് തന്‍റെ പിതാവിന്‍റെ മുന്നില്‍ നിന്നാണ്. പിന്നീട് ബലമായി വിൽസനെക്കൊണ്ട് കുറ്റ സമ്മത മൊഴിയിൽ ഒപ്പിടീച്ചു, അടുത്ത ദിവസങ്ങളിൽ സമീപത്തെ ആദിവാസികളെ മർദ്ദിച്ചും വ്യാജ മൊഴി രേഖപ്പെടുത്തി ഒപ്പിടീച്ചു  കൃത്യമായി ആന വന്ന വഴിയേ അന്വേഷിക്കാതെ ഞങ്ങളുടെ തലയിൽ കെട്ടിവെക്കുകയാണ് ചെയ്തത് - നിജാസ് പറയുന്നു. 

തേങ്ങയിൽ വച്ച പന്നിപ്പടക്കം അന കടിച്ചു എന്നാണ് എഫ്ഐആര്‍ പറയുന്നത്, ആനകൾക്ക് മനുഷ്യ സഹായമില്ലാതെ തേങ്ങ ഭക്ഷിക്കില്ല, നാട്ടാനകൾക്ക്  തേങ്ങ ഇട്ടു കൊടുത്താൽ ചവിട്ടി പൊട്ടിക്കും പിന്നീടത് ചുരണ്ടി വായിൽ വച്ച് നൽകണം, ഈ ആന പടക്കം കടിച്ചു എന്ന് പറയുന്ന സമയത്ത് മഴക്കാലമല്ല  സ്ഥലത്തെ മണ്ണിലും ചെടികളിലും മറ്റും  രക്തം പുരളേണ്ടതാണ്  രക്തം തളം കെട്ടി നിൽക്കേണ്ടതാണ്  പോലീസ് നായയ്ക്ക് ഇതിന്‍റെ മണമെങ്കിലും ലഭിക്കേണ്ടതായിരുന്നു. അതുപോലെ പന്നിപ്പടക്കം പൊട്ടിയതിന്റെ ഒരു അവശിഷ്ടവും അവിടെ ഉണ്ടായിട്ടില്ലെന്ന് നിജാസ് പറയുന്നു. 

അതേ സമയം തന്നെ പുഴയില്‍ ഇറങ്ങിയ ആനയെ മൂന്നു ദിവസത്തോളം കരയ്ക്ക് കയറ്റാനോ, ആവശ്യമായ ചികില്‍സ നല്‍കാനോ വനം വകുപ്പിന് കഴിഞ്ഞില്ലെന്നും നിജാസ് ആരോപിക്കുന്നു. താന്‍ ഇത് സംബന്ധിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ നാട്ടുകാര്‍ തന്നെ ഇത് വെളിപ്പെടുത്തുന്നുവെന്നും നിജാസ് പറയുന്നു. വെള്ളത്തിൽനിന്ന് കയറാൻ സമ്മതിക്കാത്ത രീതിയില്‍ പുഴയ്ക്ക് കുറുകെ കമ്പി വലിച്ചു അതിൽ കറണ്ട് വിട്ട് ആനയെ കുടുക്കിയിട്ടത് വനം വകുപ്പാണ്. ഒപ്പം റബ്ബർ ബുള്ളറ്റ് ഉബയോഗിച്ചു വെടി വയ്ക്കുകയും, ആന നിക്കുന്നിടത്തേക് തോട്ടയെറിഞ്ഞെന്നും, അതിന് നാട്ടുകാര്‍ സാക്ഷികളാണെന്നും നിജാസ് ആരോപിക്കുന്നു. 

അതേ സമയം നിജാസിന്‍റെ വാദങ്ങള്‍ക്ക് പിന്തുണയുമായി വന്യജീവി ആക്രമണങ്ങള്‍ക്കെതിരായ കര്‍ഷക കൂട്ടായ്മ കിഫയും രംഗത്ത് എത്തിയിട്ടുണ്ട്. വനം വകുപ്പിന്‍റെ കെടുകാര്യസ്ഥത മൂലമാണ് ആന ചെരിഞ്ഞതെന്നും. അത് കര്‍ഷകരുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്നും കിഫ ആരോപിക്കുന്നു.
 

click me!