താങ്ങായി സര്‍ക്കാര്‍; ഇടമലക്കുടിയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം യാഥാര്‍ഥ്യമാകുന്നു

By Web TeamFirst Published Mar 21, 2019, 12:05 PM IST
Highlights

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് നിര്‍മ്മാണം പുനരാരംഭിച്ചത്. ഒരു കോടി 20 ലക്ഷം രൂപ മുടക്കിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്

ഇടുക്കി: ആദിവാസികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ ഇടമലക്കുടിയില്‍ പ്രാഥമിക ആരോഗ്യം കേന്ദ്രം പ്രവര്‍ത്തനം തുടങ്ങുന്നു. ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തെ ആദ്യത്തെ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ആരോഗ്യ വകുപ്പിന്റെ പ്രാഥമിക കേന്ദ്രത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണെന്നും മാര്‍ച്ച് അവസാനത്തോടെ കെട്ടിടം തുറന്നുകൊടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും അധിക്യതര്‍ അറിയിച്ചു.

2012 ലാണ് ഇടമലക്കുടിക്കായി പ്രാഥമിക ആരോഗ്യ കേന്ദ്രം അനുവദിച്ചത്. മെഡിക്കല്‍ ഓഫീസറടക്കം എട്ട് പേരടങ്ങുന്ന തസ്തിക സ്യഷ്ടിക്കുകയും ചെയ്തു. സൊസൈറ്റിക്കുടിക്ക് സമീപത്ത് ഭൂമി കണ്ടെത്തി കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചെങ്കിലും തറയുടെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ വനംവകുപ്പ് തടസങ്ങള്‍ സ്യഷ്ടിക്കുകയായിരുന്നു.

ഇതോടെ നിര്‍മ്മാണം നിലച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് നിര്‍മ്മാണം പുനരാരംഭിച്ചത്. ഒരു കോടി 20 ലക്ഷം രൂപ മുടക്കിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. ഒരു കോടി ആരോഗ്യ വകുപ്പും 20 ലക്ഷം രൂപ പഞ്ചായത്തുമാണ് നല്‍കിയത്.

ആരോഗ്യ വകുപ്പും എന്‍എച്ച്എമും ചേര്‍ന്ന് നടത്തുന്ന പണികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തീകരിച്ച് വകുപ്പ് മന്ത്രിയെ എത്തിച്ച് ഉദ്ഘാടനം നടത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍, നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് തിരിച്ചടിയായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി കെട്ടിടത്തിന്റെ പണികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തിയില്ലെങ്കില്‍ ഇടമലക്കുടിക്കാരുടെ ആശുപത്രിയെന്ന സ്വപ്‌നം വീണ്ടും നീളും.

click me!