
മാവേലിക്കര: സമയത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മാവേലിക്കര കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ജാക്കിലിവറുമായെത്തിയ സ്വകാര്യ ബസ് ജീവനക്കാരന്‍ വധഭീഷണി മുഴക്കി. സംഭവം ഉടൻ തന്നെ പൊലീസിൽ അറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് കെ എസ് ആർ ടി സി അധികൃതർ ആരോപിച്ചു. എന്നാല്‍, സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെ പത്തോടെ തഴക്കര വേണാട് ജങ്ഷനിലാണ് സംഭവങ്ങളുടെ തുടക്കം. പത്തനംതിട്ടയില്‍ നിന്ന് ഹരിപ്പാടിന് പോയ കെ എസ് ആര്‍ ടി സി ഹരിപ്പാട് ഡിപ്പോയിലെ വേണാട് ബസിലെയും പത്തനംതിട്ട - ഹരിപ്പാട് റൂട്ടിൽ താത്കാലിക പെർമിറ്റിൽ സർവീസ് നടത്തുന്ന അനീഷാ മോൾ ബസിലെയും ജീവനക്കാർ തമ്മിലാണ് സമയ ക്രമത്തെച്ചൊല്ലി സംഘർഷമുണ്ടായത്. സ്വകാര്യ ബസിലെ ജീവനക്കാർ കുറെ നേരം കെ എസ് ആർ ടി സി ബസിനെ ജങ്ഷനിൽ തടഞ്ഞിട്ടു. ഇതിന് ശേഷം യാത്രക്കാരുമായി തങ്ങൾക്ക് അനുവദനീയമായ റൂട്ടിൽ നിന്ന് അരക്കിലോ മീറ്ററോളം മാറി സഞ്ചരിച്ച സ്വകാര്യ ബസ്, കെ എസ് ആർ ടി സി സ്റ്റാൻഡിന് മുന്നിലെത്തിയത്. തുടര്‍ന്ന് ബസ് കെ എസ് ആര്‍ ടി സി സ്റ്റാന്‍റിന് മുന്നില്‍ നിര്‍ത്തിയിട്ടു.
ഈ സമയം സ്വകര്യ ബസില്‍ നിന്നും ജാക്കിലിവറുമായി ചാടിയിറങ്ങിയ ജീവനക്കാരൻ കെ എസ് ആർ ടി സി കൺട്രോളിങ് ഇൻസ്പെക്ടറുടെ ഓഫീസിന് മുന്നിലെത്തി അസഭ്യവർഷം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ഇരുമ്പ് ദണ്ഡുമായി ഒരാള്‍ ബസ് സ്റ്റാൻഡിൽ നിന്ന് അസഭ്യ വര്‍ഷവും വധഭീഷണിയും തുടര്‍ന്നതോടെ ബസ് കാത്തുനിന്ന വനിതകളടക്കമുള്ള യാത്രക്കാർ ഭയന്ന് ഓടി മാറി. സംഭവത്തിൽ കെ എസ് ആർ ടി സി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയതായും കുറ്റക്കാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും ജോയിന്‍റ് ആർ ടി ഒ എംജി മനോജ് അറിയിച്ചു. സംഭവത്തിൽ പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കിയതായും ബസ് പിടിച്ചെടുക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും എസ് ഐ നൗഷാദ് ഇബ്രാഹിം പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam