
പട്ടിക്കാട്: റോഡരികിൽ സ്‌കൂട്ടർ മറിഞ്ഞ് പരിക്കേറ്റ യുവതിയയെയും കുഞ്ഞിനെയും രക്ഷിച്ച് സ്വകാര്യ ബസ് ജീവനക്കാർ. നിലമ്പൂരിൽ നിന്ന് പെരിന്തൽമണ്ണയിലേക്കുള്ള ഷബ്ന ബസ്സിലെ ജീവനക്കാരാണ് അമ്മയ്ക്കും കുഞ്ഞിനും തുണയായത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെ പൂന്താനം പിഎച്ച്സി ബസ് സ്റ്റോപ്പിനടുത്താണ് സംഭവം. ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയും കുഞ്ഞുമാണ് അപകടത്തിൽപ്പെട്ടത്.
യുവതി തലയിൽ മുറിവേറ്റ നിലയിലും കുഞ്ഞ് അബോധാവസ്ഥയിലും റോഡിൽ കിടക്കുകയായിരുന്നു. ഈ സമയത്താണ് ഷബ്ന ബസ് ഇവിടെയെത്തുന്നത്. ഉടനെ ബസ് നിർത്തി ജീവനക്കാർ മൂവരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. ആശുപത്രിയിൽ എത്തിക്കാൻ മറ്റു വാഹനങ്ങൾക്ക് ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ തങ്ങളുടെ ബസിൽ തന്നെ ഇവരെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിച്ചു.
സ്റ്റോപ്പുകളിൽ നിന്ന് യാത്രക്കാരെ കയറ്റാതെയാണ് ബസ് ആശുപത്രിയിലേക്ക് കുതിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം രാത്രി ബസ് നിർത്തിയിട്ട ശേഷം ജീവനക്കാർ വീണ്ടും ആശുപത്രിയിലെത്തി. ഗുരുതര പരിക്കുകളില്ലെന്ന ആശ്വാസത്തിൽ പരിക്കേറ്റവരുടെ വീട്ടുകാരെ വിവരമറിയിച്ച് അവരെത്തിയ ശേഷമാണ് ജീവനക്കാർ മടങ്ങിയത്.
ആക്കപ്പറമ്പ് സ്വദേശി പള്ളത്ത് ഷൗക്കത്ത്, ഭാര്യ സഫീന (28) മകൾ ഫാദിസ (നാലര) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഷൗക്കത്തിന് പരിക്കേറ്റിരുന്നില്ല. ഡ്രൈവർ ചെമ്മലശ്ശേരി സ്വദേശി സുഭാഷ് എന്ന കണ്ണൻ, കണ്ടക്ടർ പാണ്ടിക്കാട് സ്വദേശി സുനീത്, ചെക്കർ ചെറുകര ഗേറ്റ് സ്വദേശി ഗണേശ് എന്നിവരാണ് മാതൃകാപ്രവർത്തനം നടത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam