വടകര മണിയൂർ പഞ്ചായത്തിലെ എളമ്പിലാട് മേഖലയിൽ കാട്ടുപന്നികൾ വ്യാപകമായി ചത്തുവീഴുന്നത് ആശങ്ക പടർത്തുന്നു. ജന്തുജന്യ രോഗങ്ങൾ പടരുമോ എന്ന ഭീതിയിൽ, കാരണം കണ്ടെത്താൻ അധികൃതർ ഉടൻ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വടകര: കോഴിക്കോട് വടകര മണിയൂർ പഞ്ചായത്തിലെ എളമ്പിലാട് മേഖലയിൽ കാട്ടുപന്നികൾ വ്യാപകമായി ചത്തു വീഴുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്തെ കുറ്റിക്കാടുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും പന്നികളുടെ ജഡം കണ്ടെത്തുന്നത് പതിവായിരിക്കുകയാണ്. പ്രദേശത്ത് അസഹനീയമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കാട്ടുപന്നികളുടെ ജഡങ്ങൾ കണ്ടെത്തിയത്. ഏതെങ്കിലും തരത്തിലുള്ള ജന്തുജന്യ രോഗങ്ങൾ പന്നികൾക്കിടയിൽ പടരുന്നുണ്ടോ എന്നതാണ് നാട്ടുകാരുടെ പ്രധാന ആശങ്ക. പന്നികളുടെ ജഡങ്ങൾ അഴുകിത്തുടങ്ങിയതോടെ പ്രദേശത്ത് പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നുണ്ട്. പന്നികൾ ചത്തു വീഴുന്നതിന്റെ കൃത്യമായ കാരണം കണ്ടെത്താൻ മൃഗസംരക്ഷണ വകുപ്പും വനംവകുപ്പും ഉടൻ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ദുര്‍ഗന്ധം കാരണം കുറ്റിക്കാടുകളുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തുമ്പോഴാണ് പന്നികളുടെ ജഡം കാണുന്നത്. മണിയൂര്‍ എളമ്പിലാടാണ് ഈ സാഹചര്യം നിലനില്‍ക്കുന്നത്.


