
കല്‍പ്പറ്റ: ഭീമമായ നികുതി നല്‍കുമ്പോഴും സ്വന്തം പോക്കറ്റില്‍ നിന്ന് പണമിറക്കി റോഡ് നേരെയാക്കേണ്ട ഗതികേടിലാണ് വയനാട് ജില്ലയിലെ അമ്പലവയല്‍-മീനങ്ങാടി റൂട്ടിലെ ഏതാനും ബസുടമകള്‍. വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുകയാണ് അമ്പലവയലില്‍ നിന്ന് കാരച്ചാല്‍ മുരണി വഴി മീനങ്ങാടിയിലെത്തുന്ന പാത. പ്രളയത്തിന് ശേഷം ഇവിടെ റോഡുണ്ടോ എന്ന് പോലും പറയാനാകില്ല.
രാവിലെ സര്‍വീസ് തുടങ്ങുന്ന ബസുകള്‍ രണ്ട് ട്രിപ്പ് പോയി കഴിയുമ്പോഴേക്കും വര്‍ക് ഷോപ്പിലെത്തുന്നതാണ് ഇവിടുത്തെ കാഴ്ച്ച. പ്രളയത്തിന് മുമ്പ് റോഡിലെ കുഴിയടക്കാന്‍ ബസുടമകളും നാട്ടുകാരും രംഗത്തിറങ്ങിയിരുന്നു. ഇരുകൂട്ടരും ചേര്‍ന്ന് സ്വരൂപിച്ച പണം കൊണ്ടായിരുന്നു ശ്രമദാനമായി ഒരു വിധം സര്‍വ്വീസ് നടത്താവുന്ന തരത്തിലേക്ക് റോഡിനെ മാറ്റിയത്. എന്നാല്‍ കനത്ത മഴയില്‍ പാടെ തകര്‍ന്ന റോഡ് സര്‍ക്കാര്‍ വിചാരിച്ചാല്‍ മാത്രമേ ഇനി ശരിയാക്കാനാകൂവെന്നാണ് ബസ് ജീവനക്കാരും നാട്ടുകാരും പറയുന്നത്.
മുമ്പ് ആറ് ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന റൂട്ടില്‍ നിലവില്‍ നാല് ബസുകള്‍ മാത്രമാണ് ഉള്ളത്. ഈ റൂട്ടിലെ ജോലിക്കാരെയും വിദ്യാര്‍ഥികളെയും പരിഗണിച്ച് സര്‍വീസ് നിലനിര്‍ത്തുകയായിരുന്നുവെന്ന് ബസുടമകള്‍ പറയുന്നു. എന്നാലിപ്പോള്‍ നഷ്ടത്തിന് മുകളില്‍ നഷ്ടം എന്നതാണ് സ്ഥിതി. ദിവസം മുഴുവന്‍ ഓടിയാലും ജീവനക്കാര്‍ക്ക് കൂലികൊടുക്കാന്‍ പോലും തികയാത്ത അവസ്ഥ. വലിയ കുഴികളില്‍ വീണ് ലീഫ് പൊട്ടിയും മറ്റും കിട്ടുന്ന കലക്ഷന്‍ മുഴുവന്‍ വര്‍ക്ക് ഷോപ്പില്‍ കൊടുക്കണം.
മിക്കദിവസങ്ങളിലും ഒന്നോ രണ്ടോ ട്രിപ്പ് മുടങ്ങും. രാവിലെയും വൈകീട്ടുമായി ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് ഈ ബസുകള്‍ പ്രതീക്ഷിച്ച് നില്‍ക്കുന്നത്. ചീരാംകുന്ന്, മുരണി, മാങ്കുന്ന അടിവാരം പോത്തുകെട്ടി ഭാഗങ്ങളിലാണ് ഏറ്റവും അധികം റോഡ് പൊട്ടിപ്പൊളിഞ്ഞിരിക്കുന്നത്. കനത്ത മഴയില്‍ മുരണി പ്രദേശത്ത് വലിയ കുഴികളുണ്ടായി. ചെറുവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാതായപ്പോള്‍ നാട്ടുകാര്‍ മണ്ണിട്ട് താല്‍ക്കാലിക പരിഹാരമുണ്ടാക്കി. സ്വന്തം ചിലവില്‍ കുഴികള്‍ നികത്തിയാണ് ബസ് സര്‍വീസ് നടത്തുന്നതെന്ന് ബസുടമയായ ആടുകാലില്‍ കുര്യാക്കോസ് പറഞ്ഞു. മറ്റു പൊതുസര്‍വ്വീസുകളൊന്നും ഈ റൂട്ടിലില്ലാത്ത സ്ഥിതിക്ക് ബസ് ഓടിക്കാതെ സമരം ചെയ്താല്‍ മാത്രമെ അധികൃതര്‍ കണ്ണുതുറക്കൂ എന്നാണ് ഉടമകള്‍ കരുതുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam