കേന്ദ്ര സര്‍വ്വകലാശാലകളിലെ രാഷ്ട്രീവത്ക്കരണം; കാസര്‍കോട് നിന്നുമുള്ള വിമതശബ്ദങ്ങള്‍

By Balu KGFirst Published Sep 13, 2018, 2:19 AM IST
Highlights

കേന്ദ്ര സര്‍വ്വകലാശാല നടത്തിയ നിയമന അഴിമതിയില്‍ യുജിസി ഇടപെടുകയും അധികമുള്ള തസ്തിക ഒഴിവാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.  എന്നാല്‍ ഇവിടെയും സര്‍വ്വകലാശാല അതിബുദ്ധി കാണിച്ചു. വിദ്യാര്‍ത്ഥികളുമായി നേരിട്ട് ബന്ധപ്പെടുന്ന, ജീവനക്കാരായ ഹോസ്റ്റലിലെ പാചകക്കാരെ പുറത്താക്കി. 

ബിജെപി അധികാരത്തിലെത്തിയത് മുതല്‍ ഇന്ത്യയിലെ സര്‍വ്വകാലശാലകളില്‍ വിദ്യാര്‍ത്ഥികളും അധികൃതരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ആരംഭിച്ചിരുന്നു. അധികാരമുപയോഗിച്ച് വിദ്യാഭ്യാസത്തെയും വിദ്യാര്‍ത്ഥി സമൂഹത്തെയും വരുതിയിലാക്കുകയും അത് വഴി തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കുകയുമായിരുന്നു ബിജെപി നടപ്പാക്കികൊണ്ടിരിക്കുന്നത്. ജെഎന്‍യുവിലെ സംവരണ വിരുദ്ധസമരത്തിനെതിരെയും കാവിവല്‍ക്കരണത്തിനെതിരെയും വിദ്യാര്‍ത്ഥികള്‍ സമരമാരംഭിച്ച സമയം തന്നെയായിരുന്നു ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ രോഹിത് വെന്മൂലയുടെ ആത്മഹത്യ സംഭവിക്കുന്നതും. കാവി രാഷ്ട്രീയം  ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍  ഇടപെട്ട് തുടങ്ങിയതിന്‍റെ നേരിട്ടുള്ള പ്രതിഫലനമായിരുന്നു ജെഎന്‍യു, ഹൈദരാബാദ് സംഭവങ്ങള്‍. ഇപ്പോള്‍ കേരളാ കേന്ദ്രസര്‍വ്വകലാശാലയില്‍ ഇന്നുള്ള വാര്‍ത്തകളും ഇത്തരത്തിലുള്ളതാണ്. 

ഒരുമിച്ച് പ്രഖ്യാപിക്കപ്പെട്ട അഞ്ച് കേന്ദ്ര സര്‍വ്വകലാശാലകളില്‍ ഒന്നാണ് കേരള കേന്ദ്രസര്‍വ്വകലാശാല. ഇന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കേസുകള്‍ നടത്തുന്ന സര്‍വ്വകലാശാലയെന്ന ഖ്യാതിയും കേരളാ കേന്ദ്രസര്‍വ്വകലാശാലയ്ക്കാണ്. സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഡോ.ജി.ഗോപകുമാര്‍ എത്തിയതോടെയാണ് സര്‍വ്വകലാശാലയില്‍ കാവിവത്ക്കരണത്തിന് ആക്കം കൂടിയതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇതോടൊപ്പം പ്രോവൈസ് ചാന്‍സിലറായി 2015 ല്‍ ഭാരതീയ വിചാര കേന്ദ്രം വൈസ്പ്രസിഡന്‍റ് കൂടിയായ ഡോ.ജയപ്രസാദ് എത്തുന്നതോടെ കാവിവത്ക്കരണത്തിന് ആക്കം കൂടി. 

2018 മാര്‍ച്ചില്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിലെ പാചകക്കാരെ പിരിച്ച് വിട്ടതോടെയാണ് സര്‍വ്വകലാശാലയിലെ പ്രശ്നങ്ങള്‍ പൊതുജനശ്രദ്ധയിലെത്തുന്നത്. നിലവില്‍ ഉണ്ടായിരുന്ന പാചകക്കാരെ പിരിച്ച് വിട്ട് ഹോസ്റ്റല്‍ ഭക്ഷണം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുകയായിരുന്നു സര്‍വ്വകാലശാലയുടെ ലക്ഷ്യം.  ഇതിനായി ഓരോ വിദ്യാർത്ഥിയും 5000 രൂപ വീതം ഭക്ഷണച്ചെലവിലേക്ക് നൽകണമെന്ന് സർവ്വകലാശാല ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ സമരരംഗത്തിറങ്ങി. 

സമരത്തിനിടെ വിവരാവകാശ നിയമപ്രകാരം വിദ്യാർത്ഥികൾ സമ്പാദിച്ച രേഖകളിൽ യുജിസി മാനദണ്ഡങ്ങള്‍ സര്‍വ്വകലാശാല ലംഘിച്ചതായി കണ്ടെത്തി. യുജിസി  കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് അനുവദിച്ചിട്ടുള്ള കോൺട്രാക്ട് സ്റ്റാഫിന്‍റെ എണ്ണം 100 ആണ്. എന്നാല്‍ സര്‍വ്വകലാശാല യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ച് ഏതാണ്ട് 195 പേര്‍ക്ക് കരാര്‍ നിയമനം നല്‍കി.  യുജിസി നിര്‍ദ്ദേശപ്രകാരം കരാര്‍ നിയമനം നടത്തേണ്ടത് ഡ്രൈവർ, പ്യൂൺ, പാചകക്കാർ എന്നിങ്ങനെ താഴ്ന്ന ഗ്രേഡിലുള്ള ജീവനക്കാരെമാത്രമാണെന്നിരിക്കേ സര്‍വ്വകലാശാല ഓഫീസ് അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ്, ടെക്നിക്കൽ സ്റ്റാഫ്, ലീഗൽ അസിസ്റ്റന്റ് തുടങ്ങിയവ സ്ഥാനങ്ങളിലേക്കാണ് നിയമനങ്ങള്‍ ഏറെയും നടത്തിയത്.  ഇത്തരം നിയമനങ്ങള്‍ യുപിഎസ്‍സി വഴിയാണ് നടത്തേണ്ടെതെന്നിരിക്കേ ഇതില്‍ ഭൂരിഭാഗവും രാഷ്ട്രീയ നിയമനങ്ങളായിരുന്നു. 

കേന്ദ്ര സര്‍വ്വകലാശാല നടത്തിയ നിയമന അഴിമതിയില്‍ യുജിസി ഇടപെടുകയും അധികമുള്ള തസ്തിക ഒഴിവാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.  എന്നാല്‍ ഇവിടെയും സര്‍വ്വകലാശാല അതിബുദ്ധി കാണിച്ചു. വിദ്യാര്‍ത്ഥികളുമായി നേരിട്ട് ബന്ധപ്പെടുന്ന, ജീവനക്കാരായ ഹോസ്റ്റലിലെ പാചകക്കാരെ പുറത്താക്കി. അതേസമയം  ഓഫീസ് അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ്, ടെക്നിക്കൽ സ്റ്റാഫ്, ലീഗൽ അസിസ്റ്റന്റ് എന്നിവരെ പുറത്താക്കുന്നതില്‍ സര്‍വ്വകലാശാല പിന്നോക്കം പോയി. ഇതോടെ യുജിസി നിയമം ലംഘിച്ച് ഏതാണ്ട് എഴുപത്തഞ്ചോളം പേര്‍ സര്‍വ്വകലാശാലയില്‍ താല്‍ക്കാലികമായി നിയമിതരായി. ഇത്തരത്തില്‍ നിയമിക്കപ്പെട്ടവര്‍ എല്ലാം തന്നെ കാസര്‍കോട് ജില്ലയിലെ ബിജെപി, ആര്‍എസ്എസ് അനുഭാവികളോ പ്രചാരകരോ ആണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. 

ഹോസ്റ്റലിലെ പാചകക്കാരെ പുറത്താക്കിയതിനെതിരെ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ അഖില്‍ താഴത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതോടെ അധികാരികള്‍ അഖിലിനെതിരെ തിരിഞ്ഞു. അഖില്‍ ഇത് സംമ്പന്ധിച്ച് പറയുന്നത് ഇങ്ങനെയാണ്, ജൂണ്‍ 22 ന്  സര്‍വ്വകാലാശാലയിലെ ഹോസ്റ്റലിലെ പാചകത്തൊഴിലാളിയെ പുറത്താക്കിയതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് എഴുതിയിരുന്നു. വിദ്യാര്‍ത്ഥികളുമായി പ്രത്യേകിച്ച്, എനിക്ക് വ്യക്തിപരമായി ബന്ധമുള്ള ഹോസ്റ്റലിലെ പാചകത്തൊഴിലാളികളെ പുറത്താക്കിയതിനെതിരെ കുറിച്ച് മാത്രമായിരുന്നു എഴുതിയിരുന്നത്. ഈ പോസ്റ്റില്‍ സര്‍വ്വകലാശാലയ്ക്കെതിരെ ഒന്നും എഴുതിയിരുന്നില്ല. എന്നാല്‍ ജൂലൈ 22 നാണ് സര്‍വ്വകലാശാല എന്നെ ഹിയറിങ്ങിന് വിളിക്കുന്നത്. 

അഖിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് :

എനിക്കെതിരെ തെളിവുകള്‍ കൈവശമുണ്ടെന്നും അതിനാല്‍ മാപ്പെഴുതിത്തരണമെന്നുമായിരുന്നു എന്നോട് ആവശ്യപ്പെട്ടിരുന്നത്. പരാതിക്കാരന്‍ ആര് ? എന്താണ് പരാതി ? എന്നിവയെ കുറിച്ച് ചോദിച്ചപ്പോള്‍, അത് നിങ്ങളറിയേണ്ടതില്ല എന്നായിരുന്നു കിട്ടിയ മറുപടി. എന്നാല്‍ ചെയ്യാത്ത കുറ്റത്തിന് മാപ്പെഴുതി നൽകാൻ  തയ്യാറല്ലെന്ന് അറിയിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റിധാരണയുണ്ടാകാൻ ഇടവരുത്തിയതിൽ ക്ഷമ ചോദിക്കാൻ തയ്യാറാണെന്ന് പറഞ്ഞെങ്കിലും മാപ്പെഴുതിക്കൊടുക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ ഇതിന് മുമ്പ് സര്‍വ്വകാലാശാലയാല്‍ ഇതുപോലൊരു സംഭവം ഉണ്ടായിരുന്നു. അന്ന് നാഗരാജു എന്ന ദളിത് വിദ്യാർത്ഥി ഫയർ അലാമിന്റെ ഗ്ലാസ് പൊട്ടിച്ചെന്നാരോപിച്ച് സര്‍വ്വകലാശാല നാഗരാജുവിനെ ഹിയറിങ്ങിന് വിളിച്ചിരുന്നു. 

നാഗരാജുവിന്‍റെ അമ്മ മരിച്ച് അധിക നാള്‍ ആയിട്ടില്ലായിരുന്നു. അതിന്‍റെ മാനസിക പ്രശ്നങ്ങള്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചിരുന്നു. മാത്രമല്ല ഹൈദരബാദ് സര്‍വ്വകലാശാലയില്‍ അധികാരികളുടെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത രോഹിത്ത് വെമ്മൂലയുടെ സഹമുറിയനും അടുത്ത സുഹൃത്തുമാണ് അദ്ദേഹം. അതിന്‍റെ മാനസിക പ്രശ്നങ്ങള്‍ക്കിടെയാണ് അമ്മയുടെ മരണം. അങ്ങനെ ആകെ തകര്‍ന്നിരിക്കുമ്പോഴാണ്   300 രൂപ മാത്രം വിലയുള്ള ഫയര്‍ അലാറം തകര്‍ത്തെന്നതിന്‍റെ പേരില്‍ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത് പതിനാല് ദിവസം ജയിലിലടയ്ക്കുന്നത്. 

സര്‍വ്വകലാശാല ചെയ്തത് അദ്ദേഹത്തെ കൊണ്ട് മാപ്പെഴുതി വാങ്ങിക്കുകയായിരുന്നു. മാപ്പെഴുതി തന്നാല്‍ വെറുതെ വിടാം എന്ന് പറഞ്ഞാണ് അന്ന് സര്‍വ്വകലാശാല അദ്ദേഹത്തില്‍ നിന്ന് മാപ്പെഴുതി വാങ്ങിയത്. എന്നാല്‍ നാഗരാജ് നല്‍കിയ മാപ്പപേക്ഷ അദ്ദേഹം കുറ്റം ചെയ്തതിന്‍റെ തെളിവാണെന്ന് അവകാശപ്പെട്ടാണ് സര്‍വ്വകലാശാല രജിസ്ട്രാര്‍ പോലീസിനെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യിച്ച് ജയിലിലടച്ചത്.  ഈ സംഭവത്തെ കുറിച്ച് അറിയാവുന്നതിനാല്‍ മാപ്പെഴുതിക്കൊടുക്കാന്‍ താന്‍ തയ്യാറായില്ല. തുടര്‍ന്നാണ് സര്‍വ്വകലാശാല തന്നെ സസ്പെന്‍റ് ചെയ്തതെന്നും അഖില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

സര്‍വ്വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ നാഗരാജുവിനെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഇതേക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഇംഗ്ലീഷ് ആന്‍ഡ് കംപാരീറ്റീവ് ലിറ്ററേച്ചര്‍ വകുപ്പ് മോധാവിയായ ഡോ. പ്രസാദ് പന്ന്യനെയും സര്‍വ്വകലാശാല സസ്പെൻഡ് ചെയ്തിരുന്നു. അതിന്  സര്‍വ്വകലാശാല കണ്ടെത്തിയ ന്യായം അദ്ദേഹം 1964 ലെ കേന്ദ്ര സിവില്‍ സര്‍വ്വീസ് നിയമം തെറ്റിച്ചു എന്നായിരുന്നു. എന്നാല്‍ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കപ്പെട്ട ദളിത് വിദ്യാര്‍ത്ഥിയായ നാഗരാജുവിനെ കള്ളക്കേസില്‍ കുടുക്കിയത് അനാവശ്യമായ ഒരു കാര്യമാണെന്നും ഇതിനെ  സര്‍വകലാശാലയ്ക്കുള്ളില്‍ വെച്ച് തന്നെ പരിഹരിക്കാന്‍ സാധിക്കുമായിരുന്നുവെന്നുമാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രസാദ് പന്ന്യന്‍ ഇട്ട പോസ്റ്റ്.

ഡോ.പ്രസാദ് പന്ന്യന്‍റെ പേസ്റ്റ്: 

ഈ വിഷയത്തെ കുറിച്ച് തനിക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ വിലക്കുണ്ടെന്ന്  ഡോ. പ്രസാദ് പന്ന്യന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന്,  വകുപ്പ് മോധാവി സ്ഥാനത്ത് നിന്ന് തന്നെ സര്‍വ്വകലാശാല ഒഴിവാക്കിയിരുന്നു. തന്‍റെ  ഭാഗം മാധ്യമങ്ങളോട് വിശദീകരിക്കാന്‍ അനുവാദം തേടിയിട്ടുണ്ടെന്നും സര്‍വ്വകലാശാല അനുവദിച്ചാല്‍ ഇക്കാര്യത്തില്‍ തന്‍റെ പ്രതികരണവുമായി മാധ്യമങ്ങളെ കാണുമെന്നും ഡോ. പ്രസാദ് പന്ന്യന്‍ പറഞ്ഞു.  

വിദ്യാര്‍ത്ഥികളോട് നടത്തുന്ന രാഷ്ട്രീയ ചായ്‍വോടെയുള്ള ശിക്ഷാ നടപടികളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് സര്‍വ്വകലാശാലയിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ബാസില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. സംഘപരിവാര്‍ രാഷ്ട്രീയത്തെ സര്‍വ്വകലാശാലകളില്‍ കുത്തിവെക്കാനുള്ള ഇത്തരം ശ്രമങ്ങളെ എസ്എഫ്ഐ രാഷ്ട്രീയമായി തന്നെ എതിര്‍ക്കും. വിദ്യാര്‍ത്ഥികളുടെ പഠനം തടസ്സപ്പെടാതെ തന്നെ സമരത്തെ സജീവമായി നിലനിര്‍ത്താനാണ് എസ്എഫ്ഐയുടെ നീക്കം. ഇതിനായി ചര്‍ച്ചകളും നാടന്‍പാട്ടുകളും മറ്റ് സാംസ്കാരിക പരിപാടികളുമായി ഇന്ന് മുതല്‍ ക്യാമ്പസ് സജീവമാകും. സര്‍ഗാത്മകമായ പ്രതിരോധം തീര്‍ത്ത് സംഘടനാപരമായി, രാഷ്ട്രീയമായി തന്നെ ഇതിനെ നേരിടുമെന്നും ബാസില്‍ പറഞ്ഞു. 

വിദ്യാര്‍ത്ഥികള്‍ സംയുക്തമായല്ല സമരം നടത്തുന്നതെങ്കില്‍ പോലും ഇത് ഒരു പൊതു പ്രശ്നമാണെന്നും അതിനാല്‍ തന്നെ സമരം സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ മൊത്തം പ്രശ്നത്തെയാണ് അടയാളപ്പെടുത്തുന്നതെന്നായിരുന്നു അംബേദ്ക്കര്‍ സ്റ്റുഡന്‍സ് യൂണിയന്‍ നേതാവ് അനു പാപ്പച്ചന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ഈ മാസം 18 ന് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ആ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായൊരു തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. മറിച്ചാണ് സര്‍വ്വകലാശാല തീരുമാനമെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനമെന്നും അനു പറഞ്ഞു. 

click me!